India
രാജകുടുംബാംഗമല്ല, ആക്ടിവിസ്റ്റ്‌; കോൺഗ്രസ് നേടിയ ഹിമാചലിൽ മുഖ്യമന്ത്രിയാകുന്നത് സുഖ്‌വീന്ദർ സുഖു
India

രാജകുടുംബാംഗമല്ല, ആക്ടിവിസ്റ്റ്‌; കോൺഗ്രസ് നേടിയ ഹിമാചലിൽ മുഖ്യമന്ത്രിയാകുന്നത് സുഖ്‌വീന്ദർ സുഖു

Web Desk
|
10 Dec 2022 1:07 PM GMT

മുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദം തുടർന്ന് പ്രതിഭാ സിംഗ്

ഷിംല: ഗുജറാത്തിൽ മുമ്പുണ്ടായിരുന്ന വോട്ടും സീറ്റും നഷ്ടപ്പെട്ട കോൺഗ്രസിന് ആശ്വാസമായ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയാകുക മുതിർന്ന നേതാവായ സുഖ്‌വീന്ദർ സിംഗാകുമെന്ന് ഉറപ്പായിരിക്കുകയാണ്. നാലു വട്ടം എംഎൽഎയായ ഈ 58 കാരൻ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചൊല്ലും. ഹാമ്രിപൂർ ജില്ലയിലെ നദൗൻ മണ്ഡലത്തിലെ പ്രതിനിധിയായ ഇദ്ദേഹമാണ് രാജ്യം ഭരിക്കുന്ന ബിജെപിയെ വീഴ്ത്തും വിധം സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ അന്തരിച്ച ആറുവട്ടം ഹിമാചൽ മുഖ്യമന്ത്രിയായ വീർഭദ്ര സിംഗിന്റെ ഭാര്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിംഗും അസംബ്ലി പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയും മുഖ്യമന്ത്രി പദത്തിനായി കണ്ണു നട്ടിരിക്കുകയായിരുന്നു.

വീർഭദ്ര സിംഗുമായി അത്ര നല്ല ബന്ധമല്ല സുഖുവിന് ഉണ്ടായിരുന്നത്. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ മുൻ പ്രസിഡൻറായ ഇദ്ദേഹം രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. വീർഭദ്ര സിംഗിന്റെ രാജകീയ പശ്ചാത്തലത്തിൽ നിന്ന് വിഭിന്നമാണ് സുഖുവിന്റെ രീതികൾ. 1980കളിൽ നാഷണൽ സ്റ്റുഡൻറ്‌സ് യൂണിയൻ ഓഫ് ഇന്ത്യ യൂണിറ്റിന്റെ ഭാഗമായി ഷിംലയിലെ ഹിമാചൽ പ്രദേശ് യൂണിവാഴ്‌സിറ്റിയിൽ ആക്ടിവിസ്റ്റായാണ് ഇദ്ദേഹം പൊതുരംഗത്ത് വരുന്നത്.

പ്രതിഭ സിംഗിന് മുഖ്യമന്ത്രി പദം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അണികൾ പ്രതിഷേധിക്കുകയാണ്. കേന്ദ്ര നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിന് മുമ്പിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ ഭൂപേഷ് ബാഗലിന്റെ കാർ തടഞ്ഞ് അവർ പ്രതിഭാ സിംഗിനുള്ള പിന്തുണ ഓർമിപ്പിച്ചിരുന്നു.

പ്രതിഭാ സിംഗും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തോട് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജയിച്ചത് വീർഭദ്ര സിംഗിന്റെ പേരിലാണെന്നും അവരുടെ കുടുംബത്തെ അരികുവത്കരിക്കുന്നത് ദുരന്തമാകുമെന്നുമാണ് അവർ മുന്നറിയിപ്പ് നൽകിയത്. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർക്കിടയിൽ അവർക്ക് വേണ്ടത്ര പിന്തുണയില്ല.

വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ എംഎൽഎമാർ അടുത്ത മുഖ്യമന്ത്രിയെയും നിയമസഭാ നേതാവിനെയും തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് സുഖ്വീന്ദർ സിങ് സുഖുവിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. 68 അംഗങ്ങളാണ് അസംബ്ലിയിലാകെയുള്ളത്.

ഹിമാചൽ പ്രദേശിലൂടെ പാർട്ടി പുനരുജ്ജീവനം ആരംഭിച്ചുവെന്നും ഹൈക്കമാൻഡ് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയാകുമെന്നും സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു. ഹൈക്കമാൻഡ് നിരീക്ഷകരായ ഭൂപേഷ് ബാഗേൽ, രാജീവ് ശുക്ല, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർ ഹിമാചലിൽ തന്നെ തുടർന്നേക്കുമെന്നാണ് വിവരം.

senior Congress leader Sukhwinder Singh will be the Chief Minister of Himachal Pradesh

Similar Posts