India
സുള്ളി ഡീൽസിനു ശേഷം ബുള്ളി ബായ്; മുസ്‍ലിം സ്ത്രീകളെ വിൽപനയ്ക്ക് വച്ച് വീണ്ടും വിദ്വേഷ കാംപയിൻ
India

'സുള്ളി ഡീൽസി'നു ശേഷം 'ബുള്ളി ബായ്'; മുസ്‍ലിം സ്ത്രീകളെ 'വിൽപനയ്ക്ക് വച്ച്' വീണ്ടും വിദ്വേഷ കാംപയിൻ

Web Desk
|
1 Jan 2022 3:55 PM GMT

ജെഎന്‍യുവില്‍നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ്, മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന തുടങ്ങി നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളുടെ ചിത്രമാണ് ആപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നത്

മുസ്‍ലിം സത്രീകളെ 'വിൽപനയ്ക്ക്' വച്ച് വീണ്ടും വിദ്വേഷ പ്രചാരണം. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നുശേഷമാണ് മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് പുതിയ സംഘ്പരിവാര്‍ കാംപയിന്‍. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫാത്തിമ നഫീസ് മുതല്‍ സബ നഖ്‍വി വരെ

സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അഞ്ചു മാസം മുൻപ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. മുസ്‍ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്. സമാനമായ രീതിയിൽ തന്നെയാണ് 'ബുള്ളി ബായ്' എന്ന പേരിൽ ഗിറ്റ്ഹബിൽ തന്നെ പുതിയ ആപ്പും എത്തിയിരിക്കുന്നത്.

ദ വയർ, ദ ഹിന്ദു, ന്യൂസ്‌ലോൺഡ്രി അടക്കമുള്ള ദേശീയ മാധ്യമങ്ങൾക്കു വേണ്ടി വാർത്തകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്‌ലിം വിദ്വേഷ കാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. തന്‍റെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പനയ്ക്ക് വച്ച വിവരം ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പാണ് ഇസ്മത് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ആപ്പില്‍ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയുമെല്ലാം പട്ടിക പുറത്തുവരുന്നത്.

''ഒരു മുസ്‍ലിം സ്ത്രീയെന്ന നിലയ്ക്ക് ഇത്രയും ഭീതിയോടെയും അസ്വസ്ഥതയോടെയും പുതിയൊരു വർഷം ആരംഭിക്കേണ്ടിവരികയെന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീൽസിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ലെന്ന് പറയാതെത്തന്നെ ഉറപ്പാണ്. ഇന്നു രാവിലെ ഒരു സുഹൃത്ത് അയച്ചുതന്നെ സ്‌ക്രീൻഷോട്ടാണിത്. പുതുവത്സരാശംസകൾ'' എന്ന കുറിപ്പോടെയാണ് ഇസ്മത് ആറ ബുള്ളി ബായ് ആപ്പിനെക്കുറിച്ച് പ്രതികരിച്ചത്.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥിയായ ഹിബ ബേഗും തന്നെ ബുള്ളി ബായ് ആപ്പിൽ ലേലത്തിൽ വച്ച കാര്യം വെളിപ്പെടുത്തി. മോദിയുടെ ഇന്ത്യയിൽ താൻ മറ്റു മുസ്‍ലിം സ്ത്രീകൾക്കൊപ്പം ചിത്രങ്ങൾ സഹിതം ഒരിക്കൽ കൂടി ലേലത്തിനു വയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ഹിബ ബേഗ് ട്വീറ്റ് ചെയ്തു. കോവിഡിനിടെ മരിച്ച ഉമ്മൂമ്മയുടെ ഖബറിടം സന്ദർശിക്കാൻ പോയതായിരുന്നു താനെന്നും തിരിച്ചു വീട്ടിലേക്കു വരാനിരിക്കുമ്പോഴാണ് വിവരം അടുത്ത സുഹൃത്തുക്കൾ അറിയിക്കുന്നതെന്നും ഹിബ കുറിച്ചു. സുള്ളി ഡീൽസിലും ഹിബയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

''കഴിഞ്ഞ തവണ ഇത് അവസാനിപ്പിക്കാൻ നിങ്ങൾ ഒന്നും ചെയ്തില്ല. ഇപ്പോഴിതാ അത് വീണ്ടും (പ്രത്യക്ഷപ്പെട്ടിരിക്കുന്നു). ഞാൻ സ്വയം സെൻസർ നടത്തി, ഇവിടെ അധികം സംസാരിക്കാറൊന്നുമില്ല. എന്നാൽ, ഇപ്പോഴും ഞാൻ ഓൺലൈനായി വിൽക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.'' ട്വീറ്റില്‍ ഹിബ ബേഗ് പറയുന്നു. മുസ്‍ലിം സ്ത്രീകൾ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്നും ഇനിയും എത്ര കച്ചവടം നടന്നാലാണ് നമുക്ക് (ഇതിലൊരു) നടപടി കാണാനാകുകയെന്നും അവർ ചോദിച്ചു.

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മു‍സ്‍ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ സുള്ളി ഡീല്‍സിലും ഇവരുടെ ചിത്രങ്ങ‍ള്‍ പങ്കുവച്ച് വില്‍പനയ്ക്കു വച്ചിരുന്നു.

നടപടിക്ക് ഉത്തരവിട്ട് മഹാരാഷ്ട്ര; വിമർശനവുമായി കോൺഗ്രസ്, ശിവസേന നേതാക്കള്‍

പുതിയ ആപ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ വലിയ തോതിലുള്ള പ്രതിഷേധവുമുയർന്നിട്ടുണ്ട്. വിഷയത്തിൽ ഡൽഹി പൊലീസിനു കീഴിലുള്ള സൈബർ സെല്ലിൽ പരാതി നൽകിയതായി ഇസ്മത് ആറ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട വൃത്തങ്ങൾക്ക് ഉത്തരവ് നൽകിയിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.

ഇത്തരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് ഡി പാട്ടീലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിനെതിരെ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സൈബർ സെല്ലിനോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


ആപ്പിനു പിന്നിലെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഹാറിലെ കിഷൻഗഞ്ചിൽനിന്നുള്ള കോൺഗ്രസ് എംപി ഡോ. മുഹമ്മദ് ജവായ്ദ് ട്വീറ്റ് ചെയ്തു. സുള്ളി ഡീൽസിനെതിരെ 56 എംപിമാർക്കൊപ്പം അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നതാണെന്നും എന്നാൽ, ഇപ്പോഴത് പുതിയ പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീർത്തും അസ്വസ്തതയുണ്ടാക്കുന്നതാണ് പുതിയ സംഭവമെന്ന് ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി പ്രതികരിച്ചു. ഭാവിയില്‍ ഇത്രയും ലജ്ജാകരമായ കൃത്യങ്ങൾക്ക് മുതിരാന്‍ പോലും അനുവദിക്കാത്ത തരത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേവാനി ട്വീറ്റ് ചെയ്തു.

ആപ്പിനെക്കുറിച്ച് മുംബൈ പൊലീസിനോടും ഡിസിപിയോടും മഹാരാഷ്ട്ര ഡിജിപിയോടും സംസാരിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ശിവസേന എംപി പ്രിയങ്ക ചതുർവേദി അറിയിച്ചു. ഇത്തരം സ്ത്രീവിരുദ്ധ സൈറ്റുകൾക്കു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ അറിയിച്ചു.

Summary: Six months after derogatory 'Sulli Deals' site site surfaced, a new controversy has emerged with the 'Bulli Bai' targeting Muslim women, including journalists, social workers, students and famous personalities

Similar Posts