അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ രാഹുലിന് ജാമ്യം
|യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്
ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത് .അമിത് ഷാ കൊലപാതക കേസ് പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം.
രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെൻ്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ബിവി ശ്രീനിവാസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ചുമതലയുള്ള കനയ്യ കുമാർ എന്നിവർക്കും സമൻസ് അയച്ചു.