ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ വീട് വിറ്റു; ആധാരം കൈമാറുന്നതിനിടെ കണ്ണുനിറഞ്ഞ് പിതാവ്
|20 വയസ് വരെ സുന്ദർ പിച്ചൈ ഈ വീട്ടിലാണ് താമസിച്ചിരുന്നത്
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജനിച്ചുവളർന്ന വീട് വിറ്റു. തമിഴ് സിനിമാ നടനും നിർമ്മാതാവുമായ സി മണികണ്ഠനാണ് പിച്ചൈയുടെ വീട് വാങ്ങിയത്. ചെന്നൈയിലെ റെസിഡൻഷ്യൽ ഏരിയയായ അശോക് നഗറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ ഒരു വീട് വാങ്ങാനായി ഏറെ നാളായി തിരച്ചിൽ നടത്തുകയായിരുന്നു മണികണ്ഠൻ. ഇതിനിടെയാണ് സുന്ദർ പിച്ചൈയുടെ വീട് വില്പനക്കുണ്ടെന്ന വിവരം അറിഞ്ഞത്.
"നമ്മുടെ രാജ്യത്തിന് അഭിമാനമാണ് സുന്ദർ പിച്ചൈ. അദ്ദേഹം താമസിച്ചിരുന്ന വീട് വാങ്ങുന്നത് എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമായിരിക്കുമെന്ന് മണികണ്ഠൻ പറഞ്ഞു. വീട് വാങ്ങിയതിന്റെ അനുഭവവും മണികണ്ഠൻ പങ്കുവെച്ചു.
"വളരെ വിനയത്തോടെയായിരുന്നു ഗൂഗിൾ സിഇഒയുടെ മാതാപിതാക്കളുടെ പെരുമാറ്റം. ചെന്നപ്പോൾ തന്നെ സുന്ദർ പിച്ചൈയുടെ അമ്മ ഒരു ഫിൽറ്റർ കോഫി ഉണ്ടാക്കിത്തന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രേഖകളെല്ലാം പിതാവ് കൈമാറുകയായിരുന്നു. അവരുടെ വിനയവും എളിമയും നിറഞ്ഞ സമീപനം എന്നെ അത്ഭുതപ്പെടുത്തി"; മണികണ്ഠൻ പറയുന്നു.
രജിസ്ട്രേഷൻ ഓഫീസിൽ മണിക്കൂറുകളോളമാണ് അദ്ദേഹം കാത്തുനിന്നത്. ആവശ്യമായ എല്ലാ നികുതികളും അടച്ച് രേഖകൾ കൈമാറുകയും ചെയ്തു. സുന്ദറിന്റെ ആദ്യത്തെ സ്വത്താണ് ഈ വീട്. അതിനാൽ രേഖകൾ കൈമാറുന്നതിനിടെ സുന്ദറിന്റെ പിതാവ് അൽപനേരം മൗനമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്നും മണികണ്ഠൻ പറഞ്ഞു. സുന്ദർ പിച്ചൈ വളർന്നത് ചെന്നൈയിലാണ്. പിന്നീട് 1989-ൽ ഖരഗ്പൂർ ഐഐടിയിൽ ചേർന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയി.
20 വയസ് വരെ അദ്ദേഹം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ഡിസംബറിൽ സുന്ദർ പിച്ചൈ ചെന്നൈ സന്ദർശിച്ചപ്പോൾ ഈ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പണവും വീട്ടുപകരണങ്ങളും നൽകിയിരുന്നു. ബാൽക്കണിയിൽ മാതാപിതാക്കൾക്കൊപ്പം ഫോട്ടോയുമെടുത്താണ് അദ്ദേഹം മടങ്ങിയത്.