ബിജെപി എംപിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേലം ഒഴിവാക്കി; പരിഹസിച്ച് കോണ്‍ഗ്രസ്
|സാങ്കേതിക കാരണങ്ങളെ തുടർന്നാണ് ലേല നോട്ടിസ് പിൻവലിക്കുന്നതെന്നാണ് ബാങ്ക് അറിയിക്കുന്നത്.
മുംബൈ: ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികളിൽനിന്ന് ബാങ്ക് ഓഫ് ബറോഡ പിന്മാറി. മുംബൈ ജുഹുവിലെ ‘സണ്ണി വില്ല’ എന്ന ബംഗ്ലാവിന്റെ ലേല നോട്ടിസാണ് പിൻവലിച്ചത്. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് ലേല നോട്ടിസ് പിൻവലിക്കുന്നതെന്നാണ് ബാങ്ക് അറിയിക്കുന്നത്. എന്താണ് സാങ്കേതിക കാരണങ്ങളെന്നോ മറ്റ് ഇടപെടലുകളുണ്ടായോ എന്നതൊന്നും ബാങ്ക് വിശദീകരിച്ചിട്ടില്ല.
അതേസമയം, ബാങ്ക് നടപടിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ‘‘56 കോടി രൂപ അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിന് ബാങ്ക് ഓഫ് ബറോഡ ഇന്നലെ വൈകീട്ട് ലേല നോട്ടിസ് അയക്കുന്നു. 24 മണിക്കൂറാകും മുമ്പ് ഇന്ന് രാവിലെ ‘സാങ്കേതിക കാരണം’ പറഞ്ഞ് നോട്ടിസ് പിൻവലിക്കുന്നു. ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചത് എന്നതിൽ അദ്ഭുതമുണ്ട്’’– കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് പരിഹസിച്ചു.
2022 ഡിസംബർ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശ്ശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയിരുന്നത്. ആഗസ്റ്റ് 25ന് ലേലം നടക്കുമെന്നും കുറഞ്ഞ ലേല തുക 5.14 കോടിയായിരിക്കുമെന്നുമായിരുന്നു അറിയിപ്പ്. 2002ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയാൻ കുടിശ്ശികയുള്ള പണം അദ്ദേഹത്തിന് അടക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു. സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ബോക്സ് ഓഫിസില്‍ റെക്കോഡ് കലക്ഷനുമായി മുന്നേറുന്നതിനിടെ ലേല നോട്ടിസ് ലഭിച്ചത് ചർച്ചയായിരുന്നു.