കോവിഡ് ധനസഹായം: അപേക്ഷ സമർപ്പിക്കാന്‍ സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി
|അനർഹർക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി
കോവിഡ് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി. മരിച്ചവരുടെ കുടുംബാംഗങ്ങൾ 60 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. ഇക്കാര്യത്തിൽ മറ്റന്നാൾ കോടതി വിശദമായ ഉത്തരവിറക്കും. അനർഹർക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വ്യാജമരണ സർട്ടിഫിക്കറ്റുമായി കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും അപേക്ഷ നൽകുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി വിശദമായ ഉത്തരവിറക്കുക.നേരത്തെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾക്കായുള്ള ധനസഹായത്തിന് 60 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. ഭാവിയിൽ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾക്ക് അപേക്ഷ നൽകാൻ 90 ദിവസം സമയം നൽകുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
നാല് ആഴ്ചക്കുള്ളിൽ അപേക്ഷ നൽകാൻ നിർദേശം നൽകണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അനർഹർക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതിനായി കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ വിശദമായ സർവേ നടത്തും. എന്‍ഡിആര്‍എഫിന് ചുമതല നൽകുമെന്നും കോടതി വ്യക്തമാക്കി. എന്‍ഡിആര്‍എഫ് നിയമപ്രകാരം വ്യാജ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അപേക്ഷ നൽകുന്നതിൽ കോടതി കഴിഞ്ഞ തവണ ആശങ്ക പങ്കുവെച്ചിരുന്നു.