രാഷ്ട്രീയ പകപോക്കലെന്ന് സംശയം; കർണാടകയിൽ പവർ ടിവി ചാനൽ സംപ്രേഷണം തടഞ്ഞതിനെതിരെ സുപ്രിംകോടതി
|ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്ക് എതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയാണ്
ഡൽഹി: കന്നഡ വാർത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതി നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ എന്ന് സുപ്രീംകോടതി നീരിക്ഷണം. അഭിപ്രായ സ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്ക് എതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയാണ്. ഇതിന് പിന്നാലെ ജെഡിഎസ് എംഎൽസി എച്ച് എം രമേശ് ഗൗഡ ചാനലിന് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
ഹരജി പരിഗണിച്ച കർണാടക ഹൈകോടതി ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ എന്ന് നിരീക്ഷിച്ചു. സംസ്ഥാനത്ത് നടന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ച് സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ചാനലിനെ തടയുന്നത് ലക്ഷ്യം വെച്ചായിരുന്നു കേസെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.
അഭിപ്രായ സ്വാതന്ത്ര്യവും, ആവിഷ്കാരം സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനും,, മറ്റ് കക്ഷികൾക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു.ഹരജി തിങ്കളാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കും.