'സ്വന്തം കാലിൽ നിൽക്കാൻ പഠിക്കൂ; ശരദ് പവാറിനെ ഉപയോഗിക്കരുത്'-അജിത് പവാര്‍ എന്‍സിപിയോട് സുപ്രിംകോടതി
|വിഡിയോ പഴയതായാലും പുതിയതായാലും ശരദ് പവാറുമായി നിങ്ങൾക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുണ്ടെന്നും അദ്ദേഹത്തിനെതിരെയാണു നിങ്ങൾ പോരാടുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് അജിത് പക്ഷത്തെ ഉണര്‍ത്തി
ന്യൂഡൽഹി: എൻസിപി അജിത് പവാർ പക്ഷത്തിനു കർശന നിർദേശവുമായി സുപ്രിംകോടതി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചു. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയോട് കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ പക്ഷം എൻസിപി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഡിയോ പഴയതായാലും പുതിയതായാലും ശരദ് പവാറുമായി നിങ്ങൾക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുണ്ടെന്നും അദ്ദേഹത്തിനെതിരെയാണു നിങ്ങൾ പോരാടുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ഉണര്‍ത്തി. സ്വന്തം കാലിൽ തന്നെ നിൽക്കാൻ പഠിക്കണമെന്നും ജഡ്ജി പറഞ്ഞു.
വിവാദ വിഡിയോയും ദൃശ്യങ്ങളും ഉപയോഗിക്കരുതെന്ന് പ്രവർത്തകർക്ക് സർക്കുലർ നൽകണമെന്നും അജിത് വിഭാഗത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്. നിങ്ങൾ മറ്റൊരു പാർട്ടിയാണ്. അതുകൊണ്ട് നിങ്ങളുടെ പാർട്ടിക്ക് വ്യതിരിക്തമായ വ്യക്തിത്വവും വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്വിയാണ് ശരദ് പവാർ പക്ഷം എൻസിപിക്കു വേണ്ടി കോടതിയിൽ ഹാജരായത്. തെരഞ്ഞെടുപ്പിൽ അജിത് വിഭാഗം ശരദ് പവാറിന്റെ ചിത്രങ്ങളും വിഡിയോയും ഉപയോഗിക്കുന്നതിന്റെ തെളിവുകൾ അദ്ദേഹം ഹാജരാക്കിയിരുന്നു. പവാറിന്റെ പ്രശസ്തി ഉപയോഗിച്ച് വോട്ടർമാരെ ആകർഷിക്കാനാണ് ഇവരുടെ നീക്കമെന്നും ജനങ്ങൾ ആശയക്കുഴപ്പത്തിലാകാനിടയുണ്ടെന്നും സിങ്വി ആരോപിച്ചു.
എന്നാൽ, സിങ്വി ഹാജരാക്കിയ വിഡിയോയും ചിത്രങ്ങളുമെല്ലാം വ്യാജമാണെന്നായിരുന്നു അജിത് വിഭാഗത്തിന്റെ അഭിഭാഷകനായ ബൽബീർ സിങ് വാദിച്ചത്. എന്നാൽ, അജിത് വിഭാഗം സ്ഥാനാർഥിയായ അമോൽ മിത്കാരി സോഷ്യൽ മീഡിയയിൽ ശരദ് പവാറിന്റെ വിഡിയോ പോസ്റ്റ് ചെയ്തിന്റെ രേഖകൾ അഭിഷേക് മനു സിങ്വി ഹാജരാക്കി. എക്സ് ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, കേസിൽ അന്തിമവിധി പ്രഖ്യാപിച്ചിട്ടില്ലെന്നു പരസ്യമായി പ്രഖ്യാപിക്കണമെന്ന് അജിത് പക്ഷത്തോട് കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി വിമർശനമുയർത്തുകയും അജിതിന് 36 മണിക്കൂർ സമയം നൽകുകയുമായിരുന്നു.
2023 ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ബിജെപി സഖ്യത്തിനൊപ്പം ചേരുന്നത്. 20ലേറെ എംഎൽഎമാരുമായായിരുന്നു അജിത് കൂടുമാറിയത്. പിന്നാലെ ബിജെപിയും ഏക്നാഥ് ഷിൻഡെ ശിവസേനയും ചേർന്നുള്ള മഹായുതി സർക്കാരിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ തിരിച്ചടിയാണു നേരിട്ടത്. മത്സരിച്ച നാല് സീറ്റിൽ ഒരിടത്തു മാത്രമാണു ജയിക്കാനായിരുന്നത്. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് അജിത് എൻസിപിയുമായുള്ള കൂട്ട് ഉപേക്ഷിക്കണമെന്ന സമ്മർദം ബിജെപിയിലും ശക്തമാണ്.
Summary: 'Learn to stand on your own legs', Supreme Court tells Ajit Pawar faction NCP over use of Sharad Pawar's images in Maharashtra Poll campaign