ഡൽഹി മദ്യനയ അഴിമതിക്കേസില് ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം
|സ്ത്രീ പരിഗണന നൽകിയാണ് സുപ്രിംകോടതിയുടെ ആശ്വാസവിധി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിയായ കേസിലാണു നടപടി.
കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ കവിത. കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ സിസോദിയയ്ക്ക് ഈ മാസം ആദ്യത്തിൽ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീയാണെന്ന പരിഗണന നൽകിയാണ് കവിതയ്ക്ക് അനുകൂലമായി സുപ്രിംകോടതി ആശ്വാസവിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കവിതയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. അഞ്ചു മാസത്തിലേറെയായി അവർ ജയിലിലാണെന്നും വിചാരണ അടുത്തൊന്നും തീരാൻ സാധ്യതയില്ലെന്നും ഉത്തരവിൽ കോടതി പറഞ്ഞു. ജാമ്യാപേക്ഷയിൽ നിയമം സ്ത്രീകൾക്കു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി സർക്കാരിന്റെ മദ്യനയത്തിന്റെ ഗുണംപറ്റാൻ കെജ്രിവാൾ, സിസോദിയ എന്നിവരുമായി ഗൂഢാലോചന നടത്തിയെന്നാണ് കവിതയ്ക്കെതിരായ കുറ്റം. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം എന്നീ കേസുകളാണ് ഇവർക്കെതിരെ ഇ.ഡിയും സി.ബി.ഐയും രജിസ്റ്റർ ചെയ്തത്.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയായ കവിതയെ കഴിഞ്ഞ മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽനിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഡൽഹിയിലെ റോസ് അവന്യു കോടതി ഇവരെ ഏഴു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 23ന് കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനൽകി. പിന്നീട് ഏപ്രിൽ ഒൻപതു വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു കോടതി. ഇതിനുശേഷവും പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും വിചാരണാ തടവിൽ തന്നെ തുടരുകയായിരുന്നു.
Summary: Supreme Court grants bail for BRS leader K Kavitha in Delhi liquor policy case