India
Supreme Court blasts Bengal Police in Kolkata doctor rape-murder case
India

സംസ്‌കാരം കഴിഞ്ഞ് 3 മണിക്കൂർ ശേഷമാണ് കേസെടുത്തത്; പൊലീസ് എന്തെടുക്കുകയായിരുന്നു?-സുപ്രിംകോടതി

Web Desk
|
20 Aug 2024 6:43 AM GMT

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു

ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ ബംഗാൾ പൊലീസിനെതിരെ വിമർശനവുമായി സുപ്രിംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രിംകോടതി ചോദിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ പ്രോട്ടോക്കോൾ വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

''യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനു കൈമാറി മൂന്നു മണിക്കൂറും കഴിഞ്ഞാണ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും പൊലീസും അതുവരെ എന്തെടുക്കുകയായിരുന്നു? ഗുരുതരമായൊരു കുറ്റകൃത്യമാണു നടന്നത്. സംഭവം നടക്കുന്നത് ആശുപത്രിയിലും. ഈ സമയത്ത് ഇവരെല്ലാം എന്തു ചെയ്യുകയായിരുന്നു?''-കോടതി ചോദിച്ചു.

ക്രിമിനലുകളെ ആശുപത്രിയിൽ കടക്കാൻ അനുവദിച്ചില്ലേ അധികൃതര്‍ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. കൊലപാതകമാണു നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, രാത്രി 11.45നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതുവരെയും ആശുപത്രി അധികൃതർ എന്തെടുക്കുകയായിരുന്നു? അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്തതിനെ എഫ്.ഐ.ആർ എന്ന് അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.

ഇതുവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി ദേശീയ ടാസ്ക് ഫോഴ്സും കോടതി പ്രഖ്യാപിച്ചു. മെഡിക്കൽ രംഗത്തെ 10 പേരെ ഉൾപ്പെടുത്തിയുള്ള സമിതിക്ക് നാവികസേന മെഡിക്കൽ ഡയരക്ടർ നേതൃത്വം നൽകും. ഡൽഹി എയിംസ് ഡയരക്ടറും സംഘത്തിലുണ്ട്. രാജ്യവ്യാപകമായി പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശിപാർശ നൽകാൻ നിർദേശമുണ്ട്.

ആശുപത്രികളിൽ ജീവനക്കാർക്ക് പ്രത്യേക വിശ്രമമുറികൾ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആഭ്യന്തര സമിതി രൂപീകരിക്കണമെന്നും കോടതി അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സുപ്രിംകോടതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍

1. അത്യാഹിത വിഭാഗത്തില്‍ അധികസുരക്ഷ ഒരുക്കണം

2. ആയുധങ്ങളുമായി അകത്തു കടക്കുന്നത് തടയാൻ ബാഗേജ് സ്ക്രീനിങ് നടത്തണം

3. രോഗികളല്ലാത്തവരെ പരിധിക്കപ്പുറം അനുവദിക്കരുത്

4. ജനക്കൂട്ടം നിയന്ത്രിക്കാന്‍ സുരക്ഷാസംവിധാനം വേണം

5. ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമമുറികള്‍ ഒരുക്കണം

6. ബയോമെട്രിക്സ് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കണം

7. എല്ലായിടത്തും സി.സി.ടി.വി സ്ഥാപിക്കണം, വെളിച്ചം വേണം

8. മെഡിക്കൽ പ്രൊഫഷനുകൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ഗതാഗത സൗകര്യമൊരുക്കണം

9. പ്രതിസന്ധികള്‍ മറികടക്കാന്‍ ശിൽപശാലകൾ നടത്തണം

10. സ്ഥാപനങ്ങളിലെ സുരക്ഷ മൂന്നുമാസം കൂടുമ്പോള്‍ ഓഡിറ്റ് ചെയ്യണം

11. ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ആവശ്യങ്ങൾക്കായി ഹെൽപ്‍ലൈൻ നമ്പർ വേണം

12. എല്ലാ ആശുപത്രികളിലും ആഭ്യന്തര സമിതി രൂപീകരിക്കണം

Summary: Supreme Court blasts Bengal Police in Kolkata doctor rape-murder case

Similar Posts