'ഗുജറാത്ത് സർക്കാർ പ്രതികൾക്ക് കൂട്ടുനിന്നു'; ആരും നിയമത്തിന് അതീതരല്ലെന്ന് സുപ്രിംകോടതി
|പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിലേക്ക് മടങ്ങി എത്തണമെന്നും കോടതി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ 11 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ ഗുജറാത്ത് സർക്കാറിന് രൂക്ഷവിമർശനവുമായി സുപ്രിം കോടതി. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗകേസിലെ പ്രതികൾക്ക് ശിക്ഷാഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ട് സുപ്രിംകോടതി ഇന്നാണ് വിധി പറഞ്ഞത്. ഗുജറാത്ത് സർക്കാർ പ്രതികൾക്ക് കൂട്ട് നിന്നെന്നും ശിക്ഷാ ഇളവ് നൽകിയ ഉത്തരവ് അധികാര ദുർവിനിയോഗത്തിന്റെ ഉദാഹരണമാണെന്നും വിധിയിൽ പറയുന്നു.
പ്രതികൾക്ക് സർക്കാർ കൂട്ട് നിന്നതുകൊണ്ടാണ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയത്. 2022ലെ കേസിൽ ഗുജറാത്ത് സർക്കാർ അറിയിച്ചത് മഹാരാഷ്ട്രയ്ക്കാണ് അധികാരമെന്നായിരുന്നു. പക്ഷേ ആ വാദവും സുപ്രിംകോടതി തള്ളി. നടപടി കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമാണ്. ഗുജറാത്ത് പുനപരിശോധന നൽകിയതുമില്ല. ഇതിനെതിരെ ഒരു പുനഃപരിശോധന ഹരജി പോലും ഗുജറാത്ത് സർക്കാർ നൽകാത്തത് ആശ്ചര്യം ഉണ്ടാകുന്നു. ഗുജറാത്ത് സർക്കാർ ഉത്തരവ് അധികാര ദുർവിനിയോഗത്തിന്റെ ഉദാഹരണമാണ്. 2022 ആഗസ്റ്റ് മുതൽ അസാധുവായ ഉത്തരവിന്റെ ഗുണഫലം കുറ്റവാളികൾ അനുഭവിക്കുന്നു.നിയമാനുസൃതമായി മാത്രമേ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയൂ എന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിലേക്ക് മടങ്ങി എത്തണമെന്നും കോടതി ഉത്തരവിട്ടു. നിയമ ലംഘനം സമത്വത്തിനുള്ള അവകാശം റദ്ദാക്കുന്നു. എത്ര വലിയ ആളും നിയമത്തിന് അതീതരല്ല. നിയമ വാഴ്ച ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. ജനാധിപത്യത്തിൽ നിയമ വാഴ്ചക്ക് മാത്രമാണ് പ്രാധാന്യമെന്നും വികാരങ്ങൾക്ക് അല്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് കുറ്റവാളികളെ ജയിൽ മോചിതരാക്കിയത്. 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്നു കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ഇവരെ മോചിപ്പിക്കാൻ തീരുമാനിച്ചു . സുപ്രിംകോടതിയുടെ ഈ തീരുമാനം പുനഃ പരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമായിരുന്നു ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം.