സമയം നീട്ടിനല്‍കണമെന്ന ഹരജി തള്ളി; ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ജയിലിലേക്ക്
|ജയിലിൽ കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും
ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ജയിലിലേക്ക്. സമയം നീട്ടി നൽകണമെന്ന ഹരജി സുപ്രിംകോടതി തളളി. ജയിലിൽ കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തിയത്.
പ്രതികൾ ഉന്നയിച്ച ആവശ്യങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ജനുവരി 21ന് തന്നെ മുഴുവൻ കുറ്റവാളികളും ജയിലിലെത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് കുറ്റവാളികൾ ഹരജി നൽകിയത്. ഗോവിന്ദ് നയി, പ്രദീപ് മൊർദിയ, ബിപിൻ ചന്ദ്ര ജോഷി, രമേഷ് ചന്ദന, മിതേഷ് ഭട്ട് എന്നിവരാണ് അപേക്ഷ നൽകിയത്.
ഗുജറാത്ത് വംശഹത്യാ കാലത്ത് അന്ന് 21 വയസും അഞ്ച് മാസം ഗർഭിണിയുമായിരുന്ന ബിൽക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകള്‍ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ണായക വിധി വന്നത്.
തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാർധക്യസഹജമായ അസുഖം, കാർഷികോൽപന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലിൽ മടങ്ങിയെത്താതിരിക്കാൻ പ്രതികള്‍ ന്യായീകരണമായി നിരത്തിയത്. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.
ശിക്ഷാ കാലാവധി തീരുംമുമ്പ് 2022ലെ സ്വതന്ത്ര്യദിനത്തിൽ 11 കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയത്. രണ്ടാഴ്ചക്കകം കുറ്റവാളികൾ കീഴടങ്ങാനും കോടതി ജനുവരി എട്ടിന് നിർദേശിച്ചിരുന്നു.