ഇലക്ടറൽ ബോണ്ട്: 2019 ഏപ്രിൽ 12 മുതലുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രിംകോടതി
|വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് 2019 ഏപ്രിൽ 12 മുതലുള്ള മുഴുവൻ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രിംകോടതി. ആൽഫാ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളും പുറുത്തുവിടണമെന്ന് കോടതി നിർദേശിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.
ഇത് കൈമാറിയ ശേഷം വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും കൈമാറിയെന്ന് എസ്.ബി.ഐ ചെയർമാൻ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു വിവരവും പിടിച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഹരജി പരിഗണിച്ചപ്പോൾ എസ്.ബി.ഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചു. തുടർന്നാണ് ആൽഫാ ന്യൂമറിക് നമ്പറും സീരിയൽ നമ്പറും വെളിപ്പെടുത്താൻ നിർദേശിച്ചത്.