കെ.എ.എസ് സംവരണം ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി
|കെ.എ.എസിൽ അപേക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സംവരണം നൽകുന്നത് ഇരട്ട സംവരണമാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല
ഡല്‍ഹി: കേരള അഡ്മിനിസ്ട്രീവ് സർവീസിലെ സംവരണം ചോദ്യംചെയ്തുള്ള ഹരജികൾ സുപ്രിംകോടതി തള്ളി. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളിൽ സംവരണം ഏർപ്പെടുത്തയതിനെതിരെ എൻഎസ്എസ് ഉൾപ്പടെ നൽകിയ ഹരജികളാണ് കോടതി തള്ളതിയത്. കെ.എ.എസിൽ അപേക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സംവരണം നൽകുന്നത് ഇരട്ട സംവരണമാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹരജി തള്ളിയത്.
കെ.എ.എസിലെ പ്രവേശനം പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയതിനാൽ പുതിയ നിയമനം ആണെന്ന് സുപ്രിംകോടതി വിലയിരുത്തി. കേരള അഡ്മിനിസ്ട്രീറ്റീവ് സർവീസിൽ അപേക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സംവരണം നൽകുന്നത് ഇരട്ട സംവരണമാണെന്നാരോപിച്ച് എൻ.എസ്.എസ്, സമസ്ത നായർ സമാജം തുടങ്ങിയ സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
മൂന്നു സ്ട്രീമുകളിലായാണ് കേരള അഡ്മിനിസ്ട്രീറ്റീവ് സർവീസിലെ നിയമനം. രണ്ട് സ്ട്രീമുകൾ സർക്കാർ ഉദ്യോസ്ഥർക്കായുള്ളതാണ്. ഈ സ്ട്രീമുകളിൽ സംവരണം നൽകാൻ ആദ്യ ഘടത്തിൽ സർക്കാർ തയാറായിരുന്നില്ല. വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തയാറായത്. അതിനെതിരെയാണ് എൻ.എസ.എസ് ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നത്.