'ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കാമല്ലോ': വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
|ചാനലുകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്ക് ഉണ്ടെന്ന് കോടതി
ഡല്‍ഹി: വാർത്താ ചാനലുകളെയും പരിപാടികളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. ചാനലുകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്ക് ഉണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയും സഞ്ജയ് കരോളും അടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ അഭിഭാഷകൻ റീപക് കൻസാലാണ് രണ്ട് പൊതുതാൽപര്യ ഹരജികൾ സമര്‍പ്പിച്ചത്.
"ചാനലുകള്‍ കാണാന്‍ നിങ്ങളെ ആരാണ് നിര്‍ബന്ധിക്കുന്നത്? ആവിഷ്കാര സ്വാതന്ത്ര്യമില്ലേ? മാധ്യമ വിചാരണ വേണ്ടെന്ന് ഞങ്ങൾ പറഞ്ഞാലും ഇന്റർനെറ്റിലെ കാര്യങ്ങള്‍ നമുക്ക് എങ്ങനെ നിർത്താനാകും? നിങ്ങൾക്ക് ഈ ചാനലുകൾ ഇഷ്ടമല്ലെങ്കിൽ കാണരുത്. ടിവി ബട്ടൺ അമർത്താതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്"- കോടതി നിരീക്ഷിച്ചു. മാധ്യമങ്ങള്‍ക്കെതിരായ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ സ്വതന്ത്ര മീഡിയ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു.
നിര്‍ണായക സംഭവങ്ങളിലെ ചാനലുകളുടെ സെന്‍സഷണല്‍ കവറേജ് പലപ്പോഴും വ്യക്തികളുടെയോ സമുദായത്തിന്‍റെയോ മത, രാഷ്ട്രീയ സംഘടനകളുടെയോ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് ഹരജിക്കാരന്‍ വാദിച്ചു. നിർണായക വിഷയങ്ങളിൽ ടിവി ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിങ് തടയാന്‍ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും ഹരിജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും സുപ്രിംകോടതിയെ സമീപിക്കുന്ന പ്രവണതയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് കോടതി ആരാഞ്ഞു.
Summary- The Supreme Court on Tuesday refused to entertain two petitions seeking guidelines for regulation of television news channels and an independent board or media tribunal for grievance redressal related to content on such channels.