സമൂഹ മാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതി
|വെബ് പോർട്ടലുകളും യു ട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുകയാണ്
സമൂഹ മാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതി. വെബ് പോർട്ടലുകളും യു ട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുകയാണ്. ഇത്തരം വ്യാജ വാർത്തകൾ തടയാൻ എന്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. ഐടി ചട്ടങ്ങളിൽ മാറ്റം വരുത്തുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിരുദ്ധ പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക നിരീക്ഷണങ്ങൾ ഉണ്ടായത്. സമൂഹമാധ്യമങ്ങൾ വഴി നിരന്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. കൃത്യമായ നിയന്ത്രണം ഇല്ലാത്തതിനാൽ വ്യക്തികൾകളെ അപകീർത്തിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നു. ജഡ്ജിമാർക്കെതിരെ പോലും യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജവാർത്തകൾ എഴുതി വിടുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം സ്വകാര്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ കേന്ദ്രത്തോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐടി ചട്ടങ്ങൾ തയാറാക്കുമെന്ന് എസ്.ജി തുഷാർ മേത്ത അറിയിച്ചു. പുതിയ ഐടി ചട്ടങ്ങൾ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹരജികളും സുപ്രിം കോടതിയിലേക്ക് മാറ്റണം എന്ന കേന്ദ്രത്തിന്റെ ഹരജിയോടൊപ്പം ഈ ഹരജിയും പരിഗണിക്കും. ആറാഴ്ച കഴിഞ്ഞാണ് ഹരജികൾ പരിഗണിക്കുക.