ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രിംകോടതി ഒക്ടോബറിൽ പരിഗണിക്കും
|ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി സുപ്രിംകോടതി വാരാണസി ജില്ലാ ജഡ്ജി പരിഗണിക്കാൻ നിർദേശിച്ച് കൈമാറുകയായിരുന്നു.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുന്നതിന് വാരാണസി ജില്ലാ ജഡ്ജിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സുപ്രിംകോടതി. മസ്ജിദിൽ സർവേ നടത്താനുള്ള സിവിൽ ജഡ്ജിയുടെ ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. കമ്മിറ്റിയുടെ ഹരജി ഒക്ടോബർ ആദ്യവാരം പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി സുപ്രിംകോടതി വാരാണസി ജില്ലാ ജഡ്ജി പരിഗണിക്കാൻ നിർദേശിച്ച് കൈമാറുകയായിരുന്നു. സർവേയിൽ 'ശിവലിംഗം' കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും മുസ്‌ലിംകളുടെ നമസ്‌കാരവും മറ്റ് ആരാധനകളും തടയരുതെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.
അതേസമയം, സർവേയിൽ കണ്ടെത്തിയ 'ശിവലിംഗ'ത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഇതിന്റെ കാലപ്പഴക്കം നിർണയിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ രണ്ട് റിട്ട് ഹരജികൾ പരിഗണിക്കാൻ സുപ്രിംകോടതി തയ്യാറായിട്ടില്ല. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹുഫേസ അഹമ്മദിയാണ് ഹാജരായത്.