ലഹരിമരുന്ന് കേസിലെ സാക്ഷി വിസ്താരം; സമയം നീട്ടി നൽകണമെന്ന ആവശ്യത്തിൽ സഞ്ജീവ് ഭട്ടിന് തിരിച്ചടി
|ഹരജി അനാവശ്യമെന്ന് വിലയിരുത്തിയ കോടതി, ചെലവായി 10,000 രൂപഅടയ്ക്കണമെന്നും ഉത്തരവിട്ടു
ഡൽഹി: ലഹരിമരുന്ന് കേസിൽ സാക്ഷി വിസ്താരത്തിന് സമയം നീട്ടി നൽകണമമെന്ന് ആവശ്യപ്പെട്ട് മുൻ ഐ പി എസ് ഓഫീസർ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. മാർച്ച് 31ന് മുൻപ് വിചാരണ പൂർത്തിയാക്കാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ഹരജി അനാവശ്യമെന്ന് വിലയിരുത്തിയ കോടതി ചെലവായി 10,000 രൂപഅടയ്ക്കണമെന്നും ഉത്തരവിട്ടു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കാൻ സഞ്ജീവ് ഭട്ട് ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള കേസ്. ഈ കേസിൽ മാർച്ച് 31 ന് മുൻപ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചത്. ഇതിനെതിരെയായിരുന്നു ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്. കേസിലെ 60 സാക്ഷികളിൽ 16 പേരുടെ വിസ്താരം മാത്രം പൂർത്തിയായ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നും അതുവഴി തനിക്ക് നീതിയുക്തമായ വിചാരണ നേരിടാൻ അവസരം ഉണ്ടാക്കിത്തരണമെന്നുമാണ് ഭട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അനാവശ്യമായ വാദമാണെന്ന് കോടതി വിലയിരുത്തുകയും പിഴ ചുമത്തുകയും ചെയ്തു.