മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചതിൽ ഡൽഹി സർക്കാറിന് സുപ്രിംകോടതി നോട്ടീസ്
|2008 ലാണ് മലയാളി മാധ്യമപ്രവര്‍ത്തകയായ സൗമ്യ ഡൽഹിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ടത്
ഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച നടപടിയിൽ ഡൽഹി സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകുവാൻ കോടതി നിർദ്ദേശിച്ചു. 4 പ്രതികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സൗമ്യയുടെ അമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ പ്രതികൾ നൽകിയ അപ്പീലിലാണ് ഡൽഹി ഹൈക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്യുകയും പ്രതികൾക്ക് ജാമ്യം നൽകുകയും ചെയ്തത്. ഇതിനെതിരെയാണ് സൗമ്യയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചത്.
കേസിൽ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ്കുമാർ എന്നീ നാല് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചാംപ്രതി അജയ് സെയിദിക്ക് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ഡൽഹി സാകേത് കോടതി ശിക്ഷ വിധിച്ചത്.
എന്നാൽ, ഡൽഹി ഹൈക്കോടതി ഫെബ്രുവരി 12ന് പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയുടെ തീരുമാനം നീതിയോടുള്ള പരിഹാസമാണെന്നായിരുന്നു സൗമ്യയുടെ അമ്മ അന്ന് പ്രതികരിച്ചിരുന്നത്.
പ്രമുഖ ഇംഗ്ലീഷ് വാർത്ത ചാനലിൽ ജോലി ചെയ്തിരുന്ന സൗമ്യ വിശ്വനാഥൻ 2008 സെപ്റ്റംബർ 30 ന് ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. കൊലപാതക കാരണം കവർച്ചയാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.