India
hijab
India

'എന്തു ധരിക്കണമെന്നത് അവകാശം'; മുംബൈ കോളജിലെ ഹിജാബ് വിലക്ക് നീക്കി സുപ്രിംകോടതി

Web Desk
|
9 Aug 2024 10:29 AM GMT

പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്ക് കോളജിൽ വിലക്കേർപ്പെടുത്തുമോ എന്ന് കോടതി

മുംബൈ: വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ മുംബൈയിലെ സ്വകാര്യ കോളജ് സർക്കുലർ ഭാഗികമായി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. എന്തു ധരിക്കണമെന്ന ഇഷ്ടം വിദ്യാർഥികളുടേതാണ് എന്നും അതടിച്ചേൽപ്പിക്കരുത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.

പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്ക് കോളജിൽ വിലക്കേർപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി ബുർഖയും ഹിജാബും ദുരുപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ദുരുപയോഗം ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. ക്ലാസ് മുറിക്കകത്ത് ബുർഖ (ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം) ധരിക്കരുതെന്നും ക്യാംപസിന് അകത്ത് മതപരിപാടികൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

ചെമ്പൂർ ട്രോംബി എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള ആചാര്യ മറാത്താ കോളജിലാണ് ഹിജാബ് നിരോധം ഏർപ്പെടുത്തിയിരുന്നത്. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതിനെ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്.

ഡ്രസ് കോഡ് വിദ്യാർഥികളുടെ മൗലികാവകാശമായി കാണാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി കോളജ് തീരുമാനം ശരിവച്ചിരുന്നത്. ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണ് എന്നും അതിനുള്ള അധികാരം കോളജ് മാനേജ്‌മെന്റിന് ഉണ്ടെന്നും രണ്ടംഗ ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോളജ് സർക്കുലറിനെതിരെ ഒമ്പത് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.


Similar Posts