സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ഇപ്പോൾ കാണാനാകുന്നത് ക്രിപ്റ്റോ കറൻസി വീഡിയോകൾ
|കോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യാറുണ്ടായിരുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്
ന്യൂഡൽഹി: സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇപ്പോൾ യൂട്യൂബ് ചാനലിൽ കാണാനാകുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്.
സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാൽപര്യമുള്ള വിഷയങ്ങളും പരിഗണിക്കുമ്പോൾ കേസിലെ നടപടികൾ ലൈവ് സ്ട്രീം ചെയ്യാറുണ്ടായിരുന്നത് ഹാക്ക് ചെയ്യപ്പെട്ട ചാനലിലൂടെയാണ്. നിലവിൽ ഹാക്കർമാർ യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിപ്പിൾ ലാബിന്റെ എക്സ്.ആർ.പി എന്ന ക്രിപ്റ്റോ കറൻസിയുടെ വിഡിയോകളാണ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷൻ വിഭാഗം പരിശോധന നടത്തുന്നുണ്ട്. അടുത്തിടെ, ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ സ്വമേധയാ കേസിൻ്റെ വിചാരണകൾ യുട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നേരത്തെ നടന്ന ഹിയറിങ്ങുകളുടെ വീഡിയോകൾ ഹാക്കർമാർ പ്രൈവറ്റാക്കിയിട്ടുണ്ട്.