'പ്രതികളുടെ വീട് പൊളിക്കരുത്, അനധികൃതമെങ്കിൽ നോട്ടീസ് നൽകാം'; ബുൾഡോസർ രാജിൽ സുപ്രിംകോടതി
|'പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധം'
ന്യൂഡൽഹി: ബുൾഡോസർ രാജിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
'കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലികഅവകാശമാണ്.'- സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ബുൾഡോസർ രാജിനെതിരായ സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചു. വിധി നേരത്തെ വന്നിരുന്നെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറേ വീടുകൾ ഇടിച്ചു നിരത്തില്ലായിരുന്നുവെന്നും ബൃന്ദ കാരാട്ട് മീഡിയവണിനോട് പറഞ്ഞു. ഇടിച്ചുനിരത്തൽ ഭീഷണിയുള്ള ന്യൂനപക്ഷങ്ങളുടെ അടക്കം വീടുകൾ രക്ഷപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു.