മരട് മാതൃക; യു.പിയിലെ 40 നിലയുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് സുപ്രിം കോടതി
|ഫ്ലാറ്റുടമകൾക്ക് നിർമാണ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ചെലവ് നിർമാണ കമ്പനി വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തർപ്രദേശിലെ നോയിഡയിൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി. 40 നിലകളുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാനാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. 915 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്.
നോയിഡ അധികൃതരും നിർമാണ കമ്പനിയായ സൂപ്പർടെകും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് വിമര്‍ശിച്ച കോടതി, ഫ്ലാറ്റുകൾ വാങ്ങിയവരുടെ പണം 12 ശതമാനം പലിശയോടെ രണ്ടുമാസത്തിനകം നിർമാതാക്കൾ തിരിച്ചു നൽകണമെന്നും നിര്‍ദേശിച്ചു. ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ചെലവ് നിർമാണ കമ്പനി വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ, കേരളത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാനും ഇതു പോലെ സുപ്രിം കോടതി ഉത്തരവുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ മരടില്‍ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇങ്ങനെ പൊളിച്ചു നീക്കിയത്. കായൽ കൈയേറിയതായി കണ്ടെത്തിയ ഫ്ലാറ്റ് സമുച്ചയങ്ങളാണ് അന്ന് നിയന്ത്രിത സ്ഫോടനത്തോടെ തകർത്തത്.