India
സുപ്രിംകോടതി
India

'കേസെടുത്തിട്ട് എട്ടു മാസമായി, കുറ്റപത്രമില്ലേ?'; ഹിന്ദു യുവവാഹിനി സമ്മേളനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

abs
|
13 Jan 2023 8:39 AM GMT

'അഞ്ചു മാസത്തിന് ശേഷമാണ് വിദ്വേഷ പ്രസംഗങ്ങളില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്'

ന്യൂഡൽഹി: സുദർശൻ ടിവി എഡിറ്റർ സുരേഷ് ചവ്ഹങ്കെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദു യുവവാഹിനി സമ്മേളനത്തിലെ വിദ്വേഷ പ്രസംഗങ്ങളിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. കേസെടുത്ത് എട്ടു മാസം കഴിഞ്ഞിട്ടും കേസിൽ എന്തു കൊണ്ടാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു. കേസിൽ സ്വീകരിച്ച നടപടിക്രമങ്ങൾ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാൻ ബഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസ് പിഎസ് നരസിംഹ കൂടി അംഗമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

'അന്വേഷണത്തിന്റെ പേരിൽ നിങ്ങൾ എന്താണ് ചെയ്തു കൂട്ടുന്നത്? 2021 ഡിസംബർ 19നാണ് സംഭവം നടന്നത്. അഞ്ചു മാസത്തിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ എന്തിനാണ് അഞ്ചു മാസത്തെ കാലതാമസം?' - ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) കെഎം നടരാജിനോട് കോടതി ചോദിച്ചു. കാലതാമസം മനഃപൂർവ്വമല്ലെന്നും വെരിഫിക്കേഷൻ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും എഎസ്ജി വിശദീകരിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല.

'കേസെടുത്ത ശേഷം നിങ്ങൾ എന്താണ് ചെയ്തത്? എത്ര അറസ്റ്റ് രേഖപ്പെടുത്തി. എന്ത് അന്വേഷണമാണ് ചെയ്തത്? എത്ര പേരെ വിസ്തരിച്ചു? കേസ് രജിസ്റ്റർ ചെയ്തതു തന്നെ അഞ്ചു മാസത്തിന് ശേഷം. എട്ടു മാസമായി കാര്യമായ ഒരു പുരോഗതിയുമില്ല.' - ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഡൽഹി പൊലീസിന്റെ കാലതാമസം ഗൗരവമായ വിഷയമാണെന്ന് കേസിൽ കക്ഷി ചേർന്ന അഭിഭാഷകൻ ഷാദാൻ ഫറാസത് ആരോപിച്ചു. ഒരു പ്രത്യേകയിനം ഹിംസയ്ക്കു വേണ്ടിയുള്ള ആഹ്വാനമായിരുന്നു സമ്മേളനത്തിലുണ്ടായത്. ഇതൊരാൾ മാത്രമായിരുന്നില്ല. ഒരാൾ നയിക്കുകയായിരുന്നു. അയാൾക്കു പിറകിൽ മറ്റുള്ളവർ പ്രതിജ്ഞയെടുത്തു- സുരേഷ് ചവ്ഹങ്കെയുടെ പേരു പറയാതെ അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts