വയനാട് ലോക്സഭാ വിജയം: രാഹുൽ ഗാന്ധിക്കെതിരായ സരിത നായരുടെ ഹരജി തള്ളി
|2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനായി സരിത എസ്. നായര്‍ സമര്‍പ്പിച്ച നാമനിർദേശപത്രിക വരണാധികാരി തള്ളിയിരുന്നു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ വിജയം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. 2019ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള രാഹുലിന്റെ വിജയം ചോദ്യംചെയ്ത് സരിത എസ്. നായർ സമർപ്പിച്ച ഹരജിയിലാണ് കോടതിവിധി.
ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. കഴിഞ്ഞ ഒക്ടോബർ 31ന് കേരള ഹൈക്കോടതിയും സരിതയുടെ ഹരജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഇവർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സരിതയുടെ അഭിഭാഷകന് ഹാജരാകാത്തതിനെ തുടർന്ന് 2020 നവംബർ രണ്ടിന് സുപ്രിംകോടതി ഹരജി തള്ളി. ഇതിനുശേഷമാണ് ഹരജി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്.
2020ൽ അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രാഹുൽ ഗാന്ധിക്കെതിരായ ഹരജി പരിഗണിച്ചിരുന്നത്. എന്നാൽ, സരിതയുടെ അഭിഭാഷകന് കോടതിയില്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു. തന്റെ അഭിഭാഷകന് സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിഡിയോ കോൺഫറൻസിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി പുനഃസ്ഥാപിക്കാന്‍ കോടതിയോട് അപേക്ഷിച്ചത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ്. നായർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വരണാധികാരി അവരുടെ പത്രിക തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് 7,06,367 വോട്ട് ലഭിച്ചപ്പോൾ പ്രധാന എതിരാളിയായ സി.പി.ഐ സ്ഥാനാർത്ഥി പി.പി സുനീറിന് 2,74,597 വോട്ടാണ് നേടാനായത്.
Summary: The Supreme Court has dismissed a plea challenging the election of Congress leader Rahul Gandhi in 2019 from Wayanad Lok Sabha constituency in Kerala. A bench of justices A S Bopanna and Dipankar Datta rejected the petition filed by Saritha S Nair, who had moved the apex court against an October 31, 2019 decision of the Kerala High Court.