India
Supreme Court rejects plea seeking removal of Arvind Kejriwal as Delhi CM
India

'നിയമപരമായി അവകാശമില്ല'; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി

Web Desk
|
13 May 2024 7:29 AM GMT

ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിലായ സാഹ​ചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. കെജ്‌രിവാളിനെ അധികാരത്തിൽ നിന്ന് നീക്കാൻ നിയമപരമായ അവകാശമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ആവശ്യമെങ്കിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 'എന്താണ് ഇതിന് നിയമപരമായ അവകാശം? ഞങ്ങൾ എന്തിന് ഇതിലേക്കൊക്കെ കടക്കണം? നിങ്ങളുടെ യുക്തിയനുസരിച്ച് എന്തെങ്കിലും പറയാനുണ്ടാവും. എന്നാൽ നിയമപരമായ അവകാശമില്ല. ലഫ്റ്റനന്റ് ഗവർണർക്ക് വേണമെങ്കിൽ അദ്ദേഹം നടപടിയെടുക്കട്ടെ. ഞങ്ങൾക്ക് താൽപ്പര്യമില്ല'- ജസ്റ്റിസ് ഖന്ന ഹരജിക്കാരനോട് പറഞ്ഞു.

സുപ്രിംകോടതിയെ സമീപിച്ച ഹരജിക്കാരൻ കാന്ത് ഭാട്ടി ഡൽഹി ഹൈക്കോടതിയിലെ ഹരജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തന്നെയാണ് 50ലേറെ ദിവസത്തിനു ശേഷം കഴിഞ്ഞദിവസം കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

ഇ.ഡി കസ്റ്റഡിയിലെടുത്ത കെജ്‌രിവാളിന്, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രിംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലെത്തണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാമെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ കെജ്‌രിവാളിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.

കെജ്‌രിവാളിന് ജാമ്യം നൽകുന്നതിനെ ഇ.ഡി എതിർത്തെങ്കിലും കോടതി ഇത് മാനിച്ചില്ല. ഡൽഹി മുഖ്യമന്ത്രിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും 21 ദിവസം കൊണ്ട് ഒന്നും മാറാൻ പോവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്കുള്ള പങ്കിനെക്കുറിച്ചോ അന്വേഷണത്തെ കുറിച്ചുള്ള അഭിപ്രായമോ പറയുന്നതിൽനിന്ന് കെജ്‌രിവാളിനെ കോടതി വിലക്കിയിട്ടുണ്ട്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി കെജ്‌രിവാൾ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്.‌‌

Similar Posts