India
Acharya Balakrishnan&Supreme court image
India

രാജ്യത്തെ മുഴുവന്‍ പറ്റിച്ചു; പതഞ്ജലിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

Web Desk
|
27 Feb 2024 2:42 PM GMT

പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു

ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിന് പതഞ്ജലി ആയുര്‍വേദിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. രോഗ സംബന്ധമായ ഉല്‍പ്പന്നങ്ങൾ പരസ്യം ചെയ്യുന്നതില്‍ നിന്നും കോടതി വിലക്കി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവന്‍ പതഞ്ജലി പറ്റിച്ചെന്നും കോടതി വിമര്‍ശിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് വിധി. കൂടാതെ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ അവഗണിച്ച് പതഞ്ജലി പരസ്യം നല്‍കിയതിന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും എ. അമാനുള്ളയും വിമര്‍ശിച്ചു. പ്രമേഹവും ആസ്ത്മയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി നിയമം ലംഘിച്ച് പരസ്യം നല്‍കിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് പട്വാലിയ പറഞ്ഞു. പരസ്യ കൗണ്‍സിലിനെതിരെ പതഞ്ജലി ല്‍കിയ മാനനഷ്ടക്കേസും പട്വാലിയ പരാമര്‍ശിച്ചു.

2023 നവംബറില്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ചില രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയുന്നു. കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കെമിക്കല്‍ അധിഷ്ഠിത മരുന്നുകളേക്കാള്‍ മികച്ചതാണെന്ന് പതഞ്ജലി പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

പതഞ്ജലിയുടെ പരസ്യത്തിലുള്ള ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാന്‍ ബെഞ്ച് തീരുമാനിച്ചു. ഈ വ്യക്തികള്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവുകള്‍ എങ്ങനെയാണ് അവഗണിച്ചതെന്ന് വിശദീകരിക്കണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു..

Similar Posts