മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; യു.പി സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം
|കേസ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം. ഒരാഴ്ചക്കകം ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി പറഞ്ഞു.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ യു.പി സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായി. കേസ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം. ഒരാഴ്ചക്കകം ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി പറഞ്ഞു.
യു.പി പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയെ കോടതി വിമർശിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ ഗുരുതര പിഴവുണ്ടെന്ന് ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മതത്തിന്റെ പേരിലാണ് മകനെ മർദിച്ചതെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പക്ഷേ ഇത് എഫ്.ഐ.ആറിൽ പറയുന്നില്ല. ഇത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് കൂടി പഠിക്കുന്നതാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം. മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്നും ജസ്റ്റിസ് ഓക പറഞ്ഞു.
യു.പി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് സംഭവത്തിന് വർഗീയ നിറം നൽകുന്നതിനെ എതിർത്തു. എന്നാൽ ഇതിനോട് രൂക്ഷമായാണ് കോടതി പ്രതികരിച്ചത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. മതത്തിന്റെ പേരിലാണ് ഒരു കുട്ടിയെ അടിക്കാൻ അധ്യാപിക നിർദേശിച്ചത്. ഇത് എന്ത് തരം വിദ്യാഭ്യാസമാണെന്ന് ജസ്റ്റിസ് ഓക ചോദിച്ചു.
മുസഫർ നഗറിലെ നേഹ പബ്ലിക് സ്‌കൂൾ അധ്യാപികയായ തൃപ്ത ത്യാഗിയാണ് മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. ക്ലാസിൽ അധ്യാപികയുടെ സമീപം നിർത്തിയ വിദ്യാർഥിയെ മറ്റു വിദ്യാർഥികൾ ഓരോരുത്തരായി എഴുന്നേറ്റുവന്ന് അടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.