ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവിന് സ്റ്റേ
|സുപ്രിംകോടതി ഒരാഴ്ചത്തേക്കാണ് പിരിച്ചുവിടല്‍ ഉത്തരവ് സ്റ്റേ ചെയ്തത്
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന സതീഷ് ചന്ദ്ര വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്രസർക്കാരിന്‍റെ ഉത്തരവ് സുപ്രിംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. പിരിച്ചുവിട്ട ഉത്തരവിനെ ചോദ്യംചെയ്യാനുള്ള സാവകാശമാണ് സതീഷ് ചന്ദ്ര വര്‍മയ്ക്ക് കോടതി നല്‍കിയത്.
ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവിന്മേലുള്ള സ്റ്റേ ഒരാഴ്ചയ്‌ക്കപ്പുറം തുടരണമോ എന്ന ചോദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിരമിക്കുന്നതിന് ഒരു മാസം മുന്‍പ് ആഗസ്ത് 30നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വർമയെ പിരിച്ചുവിട്ടത്. രാജ്യത്തിന്‍റെ അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു എന്നതുള്‍പ്പെടെയാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്.
2016ലാണ് വര്‍മയ്ക്കെതിരായ അച്ചടക്ക നടപടി തുടങ്ങിയത്. അച്ചടക്ക നടപടിക്കെതിരായ വര്‍മയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് പിരിച്ചുവിടൽ ഉത്തരവ്. 2021ൽ അച്ചടക്ക നടപടികൾ തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും മറ്റ് നടപടികളുണ്ടാവരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ അപേക്ഷ നൽകി. തുടര്‍ന്ന് കോടതി അനുമതി നല്‍കി. എന്നാൽ തീരുമാനം വർമയ്ക്ക് എതിരാണെങ്കില്‍ അടുത്ത വാദം കേൾക്കുന്നത് വരെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചു. വര്‍മയ്ക്ക് നിയമവഴി തേടാന്‍ അവസരം നല്‍കാന്‍ ഉത്തരവ് നടപ്പാക്കുന്നത് സെപ്തംബർ 19 വരെ നീട്ടിവെയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. പിന്നാലെ സതീഷ് ചന്ദ്ര വര്‍മ സുപ്രിംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സതീഷ് ചന്ദ്രയ്ക്കായി ഹാജരായത്. കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത ഹാജരായി.
ഇസ്രത്ത് ജഹാൻ, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ് എന്നിവർ ഉൾപ്പെടെ നാലു പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ അന്വേഷണസംഘത്തിൽ സതീഷ് ചന്ദ്ര വർമയുമുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.പി പാണ്ഡെ, ഡി.ജി വൻസാര, പി ജി.എൽ സിംഗാൾ, റിട്ട. പൊലീസ് സൂപ്രണ്ട് എൻ.കെ അമിൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുൺ ബരോട്ട് എന്നിവരുൾപ്പെടെയുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
2004 ജൂൺ 15നാണ് പ്രാണേഷ് പിള്ള, ഇസ്രത് ജഹാൻ, അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ അഹ്മദാബാദിനടുത്ത കോതാർപൂരിൽ വെച്ച് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. നാലു പേരും ലഷ്കറെ ത്വയിബ തീവ്രവാദികളാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് എത്തിയവരാണെന്നുമാണ് പൊലീസ് വാദിച്ചത്.