സ്വവർഗാനുരാഗിയെ കൗൺസിലിംഗിന് അയക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
|കൊല്ലത്ത് ഒരുമിച്ച് താമസിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാളെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി
ഡല്‍ഹി: സ്വവർഗാനുരാഗിയായ പെൺകുട്ടിയെ കൗൺസിലിംഗിന് അയക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. പെൺകുട്ടിയെ കുടുംബ കോടതിയിൽ ഹാജരാക്കണം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജീവിത പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി സ്വവർഗാനുരാഗിയായ പെൺകുട്ടിയാണ് ഹേബിയസ് കോര്‍പസ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
കൊല്ലത്ത് ഒരുമിച്ച് താമസിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാളെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. കേസ് പരിഗണിച്ച ഹൈക്കോടതി പെൺകുട്ടികളെ ജെന്‍ഡര്‍ കൗൺസിലിംഗിന് അയക്കണമെന്ന് ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടി വീട്ടുതടങ്കലില്‍ അല്ലെന്ന് ദൃശ്യം കാണിച്ച് കുടുംബം വാദിച്ചു.
എന്നാല്‍ ദൃശ്യം ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്നായിരുന്നു പങ്കാളിയുടെ വാദം. തന്‍റെ കൂടെ ജീവിക്കാനാണ് പെണ്‍കുട്ടിക്ക് താത്പര്യമെന്ന് തെളിയിക്കാന്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പങ്കാളി ഹാജരാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് പെണ്‍കുട്ടിയെ കുടുംബ കോടതിയിൽ ഹാജരാക്കി മൊഴിയെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. ഫെബ്രുവരി 17ന് സുപ്രിംകോടതി വീണ്ടും കേസ് പരിഗണിക്കും.
Summary- The Supreme Court on Monday issued notice in a plea filed by a woman in a same-sex relationship alleging that her partner has been illegally detained by her parents. The petitioner has also challenged an order of the Kerala High Court directing her detained partner to attend counselling