India
Varanasi District Court will today pronounce its verdict on the plea to bring the Vusukhana of Gyanvapi Masjid under the purview of the survey
India

ഗ്യാൻവാപി: സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Web Desk
|
4 Aug 2023 1:16 AM GMT

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു വകുപ്പിന്‍റെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സർവേ നടത്താനുള്ള വാരണാസി ജില്ലാ കോടതി ഉത്തരവ് ഇന്നലെ അലഹബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു. അതിന് പിന്നാലെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇന്നലെയാണ് തള്ളിയത്. നീതി നടപ്പാക്കാന്‍ പുരാവസ്‌തു വകുപ്പിന്റെ സര്‍വേ അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുരാവസ്തു വകുപ്പ് സർവേയുടെ ഭാഗമായി ആഴത്തിലുള്ള ഖനനം ഉൾപ്പെടെ നടത്തുമെന്നും ഇത് പളളിക്ക് കേടുപാട് വരുത്തുമെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രധാന വാദം. കൂടാതെ തെളിവുകള്‍ ഇല്ലാതെയാണ് ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന വാദവുമായി നാല് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചതെന്നും മസ്ജിദ് കമ്മറ്റിക്ക് വേണ്ടി ഹാജരായ എസ്.എഫ്.എ നഖ്വി ചൂണ്ടിക്കാട്ടിരുന്നു. ജിപിആർ രീതി ഉപയോഗിച്ചാണ് സർവേയെന്നും പള്ളിയുടെ കെട്ടിടത്തിന് ഒരു തകരാറും ഉണ്ടാവില്ലെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

തെളിവുകൾ ശേഖരിക്കുന്നതിൽ കോടതിക്ക് വിലക്ക് ഏർപ്പെടുത്താൻ സാധിക്കില്ലെന്ന് വാദത്തിനിടയില്‍ ഹൈക്കോടതി പരാമർശിച്ചു. നേരത്തെ കാർബൺ ഡേറ്റിംഗ് പരിശോധന നടത്താൻ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി തടഞ്ഞിരുന്നു.



Similar Posts