മഹാരാഷ്ട്ര കേസ് ഇന്ന് സുപ്രീംകോടതിയില്‍
|മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ളവരെ അയോഗ്യത കൽപ്പിക്കണം എന്ന് ഉദ്ധവ് താക്കറെ വിഭാഗവും ആദിത്യ താക്കറെ ഒഴികെയുള്ളവരെ അയോഗ്യരാക്കണമെന്നു ഷിൻഡെ വിഭാഗവും ആവശ്യപ്പെടുന്നു
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ തർക്കം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ളവരെ അയോഗ്യത കൽപ്പിക്കണം എന്ന് ഉദ്ധവ് താക്കറെ വിഭാഗവും ആദിത്യ താക്കറെ ഒഴികെയുള്ളവരെ അയോഗ്യരാക്കണമെന്നു ഷിൻഡെ വിഭാഗവും ആവശ്യപ്പെടുന്നു. സ്പീക്കർ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജിയിലും സുപ്രീംകോടതി ഇന്ന് വാദം കേൾക്കും.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഏറെ നിർണായക ദിനമാണിന്ന്. കൂറുമാറ്റ നിരോധന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഷിൻഡെ വിഭാഗവും ഉദ്ധവ് വിഭാഗവും പരസ്പരം പോരാടുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തിയ രീതിയും സ്പീക്കറായി രാഹുൽ നർവേക്കാരെ തെരഞ്ഞെടുത്തതും ഉദ്ധവ് താക്കറെ പക്ഷത്തെ വിപ് സുനിൽ പ്രഭു ചോദ്യം ചെയ്യുന്നുണ്ട്. ശിവസേനയുടെ ഔദ്യോഗിക വിപ് ആയി വിമത പക്ഷം മുന്നോട്ടുവച്ച ഭാരത് ഗോഗോവാലയെ സ്പീക്കർ അംഗീകരിച്ചിരുന്നു. വിശ്വാസ വോട്ടിനു അനുകൂലമായി ഗോഗോവാല നൽകിയ വിപ് ലംഘിച്ച താക്കറെ പക്ഷത്തെ എം. എൽ.എമാരെ അയോഗ്യരാക്കാനുള്ള നടപടി താക്കറെ ചോദ്യം ചെയ്യുന്നു. ആദിത്യ താക്കറെ ഒഴികെയുള്ള 14 ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാണ് ഷിൻഡെ പക്ഷത്തിന്‍റെ നോട്ടീസ്.
പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ചിഹ്നം അനുവദിച്ചത് താനായതിനാൽ യഥാർത്ഥ ശിവസേന തന്‍റെ ഒപ്പമാണെന്ന് ഉദ്ധവ് താക്കറെ വാദിക്കുന്നു. എം.എൽ.എമാർ ബഹുഭൂരിപക്ഷവും തന്‍റെ ഒപ്പമായതിനാൽ ശിവസേനയുടെ നേരവകാശി താനാണെന്ന് ഷിൻഡെയും ഉന്നയിക്കുന്നു. വിശ്വാസ വോട്ടിൽ പോലും അന്തിമ തീർപ്പ് കോടതിയുടേത് ആയതിനാൽ, ഏക്നാഥ് ഷിൻഡേയുടെ മുഖ്യമന്ത്രി പദവി പോലും ഇന്നത്തെ സുപ്രീംകോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും.