എം.എൽ.എമാരുടെ അയോഗ്യത; മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
|ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാത്തതിലാണ് വിമർശനം.
ഡൽഹി: മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാത്തതിലാണ് വിമർശനം. കോടതി വിധിയുടെ മാന്യത കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരാഴ്ചയ്ക്കുള്ളിൽ വിഷയം സ്പീക്കർ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിർദേശം നൽകി.
മേയ് 11നാണ് സ്പീക്കര്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ശിവസേനയിലെ 56 എം.എൽ.എമാരുടെ അയോഗ്യതയാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്. ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം പോയ എം.എൽ.എമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം സുപ്രീംകോടതിയിൽ ആദ്യം ഹരജി നൽകുന്നത്. എന്നാൽ, ചട്ടപ്രകാരം അയോഗ്യത ഹരജികളിൽ തീർപ്പ് കൽപിക്കേണ്ടത് നിയമസഭ സ്പീക്കറാണെന്നും സമയബന്ധിതമായി ഹരജി പരിഗണിച്ച് തീർപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കോടതി വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സ്പീക്കർ തീരുമാനമെടുക്കാതെ വന്നതോടെയാണ് ഉദ്ധവ് വിഭാഗം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ വിഷയം സ്പീക്കർ പരിശോധിക്കണമെന്ന് കോടതി സ്പീക്കർക്ക് നിർദേശം നൽകിയത്.