ജമ്മു കശ്മീർ വിഭജനകേസിൽ സുപ്രിംകോടതി വിധി ഇന്ന്
|വിധി പറയുന്നത് ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള 23 ഹരജികളിൽ
ഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹരജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹരജികളിലാണ് വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
ജമ്മു -കശ്മീരിനെ വിഭജിച്ചതിനെതിരായ 23 ഹരജികളിലാണ് ഇന്ന് തീർപ്പ് കൽപ്പിക്കുന്നത്. 2019 ആഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത് . ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പട്ട ഹരജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. ഭരണഘടനാ അനുഛേദം 370 ല്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിക്ക് കഴിയുമോ എന്നതിലാണ് പ്രധാനമായും വിധി പറയുക. സംസ്ഥാന ഭരണഘടന നിയമനിര്‍മാണ സഭയുടെ ശിപാര്‍ശ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന വിഷയത്തിലും ഇന്ന് ഉത്തരമാകും.
ഭരണഘടന അനുഛേദം 370 റദ്ദാക്കണമോ എന്ന് 1951 മുതല്‍ 1957 നിലനിന്ന ജമ്മുകശ്മീര്‍ ഭരണഘടന നിയമനിര്‍മാണ സഭ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ 370 സ്ഥിരമായെന്നും ഭരണഘടന നിയമനിര്‍മാണ സഭയുടെ ദൗത്യം ഏറ്റെടുത്ത് പാര്‍ലമെന്‍റിന് ഭേദഗതി സാധ്യമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഭരണഘടന നിര്‍മാണ സഭ നിലവിലുണ്ടെങ്കില്‍ തന്നെയും നിര്‍ദേശിക്കാനുള്ള അധികാരമേ ഉള്ളൂവെന്നും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി തുടരുമെന്നും ജമ്മു കശ്മീർ നിയമ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.