മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|വിമത പക്ഷത്തുള്ള 17 എംഎൽഎമാർക്ക് എതിരെയാണ് ശിവസേന ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്. വിമതപക്ഷത്തേക്ക് കൂറുമാറിയ ഏക്നാഥ് ഷിൻഡെ ഉൾപ്പടെയുള്ള എട്ടു മന്ത്രിമാർക്കും പദവികൾ നഷ്ടമാകും.
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരയ സൂര്യകാന്ത്, ജെ.ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജി. ശിവസേന വിമത എംഎൽഎമാർക്ക് വിശദീകരണം നൽകാൻ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും.
വിമത പക്ഷത്തുള്ള 17 എംഎൽഎമാർക്ക് എതിരെയാണ് ശിവസേന ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്. വിമതപക്ഷത്തേക്ക് കൂറുമാറിയ ഏക്നാഥ് ഷിൻഡെ ഉൾപ്പടെയുള്ള എട്ടു മന്ത്രിമാർക്കും പദവികൾ നഷ്ടമാകും. ജൂൺ 22ന് യോഗത്തിൽ പങ്കെടുക്കാൻ നൽകിയ വിപ്പ് ലംഘിച്ച എംഎൽഎമാർക്ക് എതിരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കാൻ ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. ഏക്നാഥ് ഷിൻഡെ മുതൽ ഏറ്റവും ഒടുവിൽ വിമത പക്ഷത്തേക്ക് മാറിയ ഉദയ് സാമന്ത് ഉൾപ്പടെയുള്ള മന്ത്രിമാരുടെ പദവികളും ഇതിനു മുന്നോടിയായി ശിവസേന എടുത്ത് മാറ്റും. നടപടികൾ ഉറപ്പായതോടെ ആണ് ഇന്നലെ വിമത നേതാക്കൾ ഗുവാഹത്തിയിൽ യോഗം ചേർന്നത്.
ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ വിമതർക്ക് നോട്ടീസ് അയച്ചത് ചട്ട ലംഘനം ആണെന്നാണ് വിമതപക്ഷത്തിന്റെ ആരോപണം. വിശദീകരണം നൽകാൻ ഏഴു ദിവസം അനുവദിക്കണം എന്ന് ഡെപ്യൂട്ടി സ്പീക്കറോട് വിമതർ ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടു ദിവസത്തെ സമയം മാത്രമാണ് നർഹരി സിർവാൾ അനുവദിച്ചത്. മൂന്നിൽ രണ്ടു ഭൂരിപക്ഷവും തങ്ങൾക്ക് ഒപ്പമാണ്. ഈ ഘട്ടത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തെ എങ്ങനെ ഔദ്യോഗിക പക്ഷമെന്നു പറയാൻ സാധിക്കുമെന്നും ഏക്നാഥ് ഷിൻഡെ വിഭാഗം ചോദിക്കുന്നു. കൂടുതൽ എംഎൽഎമാർ വിമതപക്ഷത്തേയ്ക്ക് ഉടൻ എത്തിയേക്കുമെന്നാണ് സൂചന. വേറൊരു പാർട്ടിയിലും ചേരാത്ത സാഹചര്യത്തിൽ കൂറുമാറ്റ നിരോധന നിയമം ഉപയോഗിക്കുന്നത് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമതർ കോടതിയിലേക്ക് നീങ്ങുന്നത്. ബാൽ താക്കറെയുടെ പേരോ പാർട്ടി ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന ഉദ്ധവ് പക്ഷത്തിന്റെ നിലപാടും കോടതിയിൽ വിമതപക്ഷം ചോദ്യം ചെയ്യും.