അക്കൗണ്ടിലെത്തിച്ചത് 5271 കോടി; ഇലക്ടറൽ ബോണ്ടിലെ ഉത്തരവ് ബിജെപിക്കേറ്റ രാഷ്ട്രീയ തിരിച്ചടി
|ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാക്കിയ സുപ്രിംകോടതി വിധിയിലെ ആഘാതം ബിജെപിക്ക് മാറും മുമ്പേയാണ് എസ്ബിഐയുടെ ഹരജി തള്ളിയുടെ സുപ്രിംകോടതി ഉത്തരവ്.
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയാണ് ഇലക്ടറൽ ബോണ്ടിലെ സുപ്രിംകോടതിയുടെ ഉത്തരവ്. ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം സമാഹരിച്ച ബിജെപി 2018-2022 മാർച്ച് വരെ മാത്രം 5271 കോടി രൂപ അക്കൗണ്ടിലെത്തിച്ചു. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാക്കിയ സുപ്രിംകോടതി വിധിയിലെ ആഘാതം ബിജെപിക്ക് മാറും മുമ്പേയാണ് എസ്ബിഐയുടെ ഹരജി തള്ളിയുടെ സുപ്രിംകോടതി ഉത്തരവ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കു പ്രകാരം 2018 മുതൽ 2022 മാർച്ച് വരെ 5271 കോടി രൂപ ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ലഭിച്ചത് 952 കോടി രൂപയും. ഭരണത്തിന്റെ തണലും പണവുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽ കയറാനുള്ള ബി.ജെ.പിയുടെ ആയുധം. ഇലക്ടറൽ ബോണ്ട് ആരംഭിച്ച 2018 മുതൽ ഇതിന്റെ ഗുണം ബി.ജെ.പി വേണ്ടുവോളം നേടിയെടുക്കുകയും ചെയ്തു. എന്നാൽ ലോക്‌സസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന വിധി ബി.ജെപിക്ക് വൻ തിരിച്ചടിയാണ്.
ഇലക്ടറൽ ബോണ്ട് വഴി ബിജെപി പണം സ്വരൂപിക്കുമെന്ന വാദങ്ങൾ നിലനിൽക്കെയാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ വീണ്ടും ഉണ്ടായത്. കോടതി ഉത്തരവ് വന്നിട്ടും വിവരങ്ങൾ കൈമാറാത്ത എസ്ബിഐ നടപടിക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും സിപിഎമ്മുമാണ് സുപ്രിംകോടതിയ സമീപിച്ചത്.