India
Supriya Sule, Praful Patel as NCP working presidents
India

എൻ.സി.പി നേതൃത്വത്തിൽ മാറ്റം; സുപ്രിയ സുലെയും പ്രഫുൽ പട്ടേലും പുതിയ വർക്കിങ് പ്രസിഡന്റുമാർ

Web Desk
|
10 Jun 2023 10:33 AM GMT

എൻ.സി.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷയായും സുപ്രിയ സുലെയെ നിയമിച്ചു

മുംബൈ: സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരെ പാർട്ടിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു. ശരദ് പവാറിന്റെ മകളാണ് സുപ്രിയ. നിലവിൽ വൈസ് പ്രസിഡന്റാണ് പ്രഫുൽ പട്ടേൽ. പാർട്ടിയുടെ 25-ാം വാർഷികദിനത്തിലാണ് പുതിയ പ്രഖ്യാപനം. 1999-ലാണ് ശരദ് പവാർ പി.എ സാഗ്മയുമായി ചേർന്ന് എൻ.സി.പി രൂപീകരിച്ചത്.

എൻ.സി.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷയായും സുപ്രിയ സുലെയെ നിയമിച്ചു. ബരാമതിയിൽനിന്നുള്ള എം.പിയായ സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെയും ലോക്‌സഭാ കോർഡിനേഷന്റെയും ചുമതലയുണ്ട്. പ്രഫുൽ പട്ടേലിന് മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയും നൽകി.

ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെയും കർഷക സംഘടനയുടെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും ചുമതല ദേശീയ ജനറൽ സെക്രട്ടറി സുനിൽ തത്കരെക്കാണ്. നന്ദ ശാസ്ത്രിയെ പാർട്ടിയുടെ ഡൽഹി ഘടകം പ്രസിഡന്റായും ശരദ് പവാർ പ്രഖ്യാപിച്ചു.

അതേസമയം ശരദ് പവാറിന്റെ മരുമകനും നിലവിൽ മഹാരാഷ്ട്ര പ്രതിപക്ഷനേതാവുമായ അജിത് പവാറിനെ പുതിയ പദവികളിലേക്ക് പരിഗണിച്ചിട്ടില്ല. അടുത്തിടെ ശരദ് പവാർ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചത് പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രവർത്തകരും നേതാക്കളും ആവശ്യപ്പെട്ടതിന് തുടർന്ന് അദ്ദേഹം പിന്നീട് രാജി പിൻവലിച്ചു.

Similar Posts