India
Supriya Sule
India

ബിജെപിക്കൊപ്പമുള്ളിടത്തോളം കാലം അജിത് പവാറുമായി ഒന്നിക്കില്ല: സുപ്രിയ സുലെ

Web Desk
|
7 Nov 2024 6:10 AM GMT

അജിത് പവാറുമായി രാഷ്ട്രീയമായി ഒന്നിക്കാൻ കഴിയുമോ എന്ന് പറയാൻ പ്രയാസമാണ്

മുംബൈ: എന്‍സിപിയെ പിളര്‍ത്തി മറുകണ്ടം ചാടിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ഒരു സഖ്യത്തിനുമില്ലെന്ന് എന്‍സിപി(എസ്‍പി) വര്‍ക്കിംഗ് പ്രസിഡന്‍റും എംപിയുമായ സുപ്രിയെ സുലെ. അജിത് പവാര്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതുകൊണ്ടുതന്നെ അതൊരിക്കലും സാധ്യമല്ലെന്നാണ് സുപ്രിയ പറഞ്ഞത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വളരെ ഉറപ്പോടെയാണ് വോട്ട് ചെയ്തതെന്നും ഇപ്പോൾ വോട്ടർമാരുടെ മനസ്സിൽ വ്യക്തതയുണ്ടെന്നും നാല് തവണ ലോക്‌സഭാംഗമായ സുലെ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

നവംബർ 20ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി (എസ്പി), കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സുപ്രിയയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ആകെയുള്ള 48 ലോക്സഭാ സീറ്റുകളില്‍ 30 എണ്ണമാണ് എംവിഎ നേടിയത്.

"അജിത് പവാറുമായി രാഷ്ട്രീയമായി ഒന്നിക്കാൻ കഴിയുമോ എന്ന് പറയാൻ പ്രയാസമാണ്. അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നിടത്തോളം അത് എളുപ്പമല്ല. ഞങ്ങളുടെ ആശയങ്ങൾ ഇപ്പോഴും രാഷ്ട്രീയമായി വെല്ലുവിളിയായി തുടരുന്നു." സുപ്രിയ പറഞ്ഞു. ''ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്കുമുള്ള മത്സരത്തിനുമില്ല'' എംവിഎയുടെ മുഖ്യമന്ത്രി മുഖമാകുമെന്ന ഊഹാപോഹങ്ങളെക്കുറിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലെ ശിഥിലമായ രാഷ്ട്രീയം പരിഹരിക്കുമോ എന്ന ചോദ്യത്തിന്, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആശയക്കുഴപ്പം പരിഹരിച്ചതായി പാർലമെൻ്റംഗം പറഞ്ഞു. തെരഞ്ഞെടുപ്പിൽ 288 അസംബ്ലി സീറ്റുകളിൽ 86ലും എൻസിപി (എസ്പി) മത്സരിക്കുന്നുണ്ട്.

എംവിഎ സഖ്യകക്ഷികൾക്കിടയിൽ സീറ്റ് വിഭജന ഫോർമുല അന്തിമമാക്കുന്നതിലെ കാലതാമസത്തിൽ തെറ്റില്ലെന്ന് സുലെ വ്യക്തമാക്കി. "ഒരു ഊർജ്ജസ്വലമായ ജനാധിപത്യത്തിൽ സഖ്യ ചർച്ചകൾക്ക് സമയമെടുക്കും, ഞങ്ങൾ സഖ്യകക്ഷികളോട് മാന്യത പുലർത്തണം. ആരെയും ബുൾഡോസ് ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തി," അവർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാർ എൻസിപി പിളർത്തി ബിജെ പി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എംഎൽഎമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം കൊടുക്കുന്നതിനിടെ അജിത് പവാറിന്റെ നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരുന്നു.

Similar Posts