'പവാർ പോരിൽ' ചാണക്യനെ വിശ്വസിച്ച് ജനം; ബാരാമതിയുടെ അവകാശി സുപ്രിയ സുലെ തന്നെ
|അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ആയിരുന്നു ബാരാമതിയിൽ സുപ്രിയയുടെ എതിരാളി
മുംബൈ: എൻ.സി.പിയെ പിളർത്തി ഒരു വിഭാഗം നേതാക്കളുമായി അജിത് പവാർ ബി.ജെ.പിക്കൊപ്പം ചേരുമ്പോൾ പവാർ കുടുംബത്തിൽ അതു ചില്ലറ പരിഭ്രമമല്ല സൃഷ്ടിച്ചത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും എൻ.ഡി.എയെ താഴെയിറക്കാൻ ശരദ് പവാറിലെ രാഷ്ട്രീയ ചാണക്യൻ കരുക്കൾ നീക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു സൂചനയും തരാതെ, അപ്രതീക്ഷിതമായി കുടുംബത്തിൽനിന്നു തന്നെയൊരു പാര വരുന്നത്. പിന്നാലെ പാർട്ടി ചിഹ്നവും പേരുമെല്ലാം നഷ്ടപ്പെട്ടു.
ബി.ജെ.പിയുടെ മഹാരാഷ്ട്ര ഓപറേഷനിൽ ശരദ് പവാർ എന്ന വൻമരവും എൻ.സി.പി എന്ന 'മഹാരാഷ്ട്രീയ' ശക്തിയും നിലംപൊത്തിക്കഴിഞ്ഞെന്നായിരുന്നു എല്ലാവരും ധരിച്ചുവച്ചത്. എന്നാൽ, തീർന്നുപോയി എന്നു കരുതിയിരുന്നിടത്തുനിന്ന് പവാർ രാഷ്ട്രീയം ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് ഇന്ന് മഹാരാഷ്ട്രയിൽ കണ്ടത്. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ അഭിമാന പോരാട്ടം ജയിച്ച് കുടുംബത്തിന്റെ അവകാശം അരക്കിട്ടുറപ്പിച്ചിരിക്കുകയാണിപ്പോൾ ശരദ് പവാറിന്റെ മകളും സിറ്റിങ് എം.പിയുമായ സുപ്രിയ സുലെ.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ്, ഷിൻഡെ വിഭാഗങ്ങൾക്കും എൻ.സി.പി ശരദ് പവാർ-അജിത് പവാർ വിഭാഗങ്ങൾക്കും ഒരുപോലെ അഭിമാന പോരാട്ടമായിരുന്നു ഇത്തവണ. ബി.ജെ.പിയുടെ അധികാരത്തിന്റെ ബലത്തിൽ ഔദ്യോഗിക പാർട്ടി ചിഹ്നവും പേരുമെല്ലാം ഷിൻഡെയക്കും അജിതിനും ലഭിച്ചെങ്കിലും ജനമനസ്സ് ആർക്കൊപ്പമെന്ന് അറിയാനുള്ള ഏറ്റവും വലിയ അവസരമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. എൻ.സി.പിയുടെ അഭിമാന പോരാട്ടത്തിന്റെ കേന്ദ്രത്തിലുണ്ടായിരുന്നത് ബാരാമതിയും.
ശരദ് പവാറിനുശേഷം 2009 മുതൽ സുപ്രിയയെ വൻ ഭൂരിപക്ഷത്തിനു ജയിപ്പിച്ചയയ്ക്കുന്ന മണ്ഡലമാണ് ബാരാമതി. എല്ലാ തവണയും പുറത്തുനിന്നായിരുന്നു എതിരാളികളെങ്കിൽ ഇത്തവണ കുടുംബപ്പോരായിരുന്നു. എതിരാളി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ. വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തിൽ അന്തിമ വിജയം അജിതിനൊപ്പമായിരിക്കുമെന്ന തരത്തിൽ വിലയിരുത്തലുകൾ വരെ വന്നിരുന്നു.
എന്നാൽ, ഫലം പുറത്തുവരുമ്പോൾ 27,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി സുപ്രിയ സുലെ ലീഡ് ചെയ്യുകയാണ്. സുപ്രിയയ്ക്ക് 2.60 ലക്ഷം വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള സുനേത്രയ്ക്ക് ലഭിച്ചത് 2.32 ലക്ഷം വോട്ടാണ്. 2019ൽ ബി.ജെ.പിയുടെ കാഞ്ചൻ രാഹുലിനെ 1.55 ലക്ഷം വോട്ടിനാണ് അവർ തകർത്തത്. 2014ലെ ഭൂരിപക്ഷം ഇരട്ടിയിലേറെ വർധിപ്പിച്ചായിരുന്നു വിജയം. ഇത്തവണ ഭൂരിപക്ഷം കുടുംബത്തിനകത്ത് ചിതറിയെങ്കിലും അഭിമാനപോരാട്ടം വിജയിക്കാനായ ആശ്വാസത്തിലാകും സുപ്രിയ.
ഏഴ് സീറ്റുമായി മഹാരാഷ്ട്രയിൽ ഇൻഡ്യ മുന്നണിയുടെ മികച്ച പ്രകടനത്തിൽ നിർണായക സാന്നിധ്യമാകാനും ശരദ് പവാർ പക്ഷത്തിനായി. ബാരാമതിക്കു പുറമെ വർധ, ദിണ്ടോരി, ബിവണ്ടി, ഷിരൂർ, അഹ്‌മദ് നഗർ, മാധാ എന്നിവിടങ്ങലിലാണ് എൻ.സി.പി ശരദ് വിഭാഗം ലീഡ് ചെയ്യുന്നത്. അജിത് പവാർ വിഭാഗത്തിന് വെറും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
Summary: Supriya Sule wins family war in Baramati in Maharashtra