അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി
|ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുകയാണ് അടുത്ത നടപടി.
ഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ അയോഗ്യനായി തന്നെ തുടരും.
മൂന്ന് ഹരജികളാണ് രാഹുൽ പ്രധാനമായും സമർപ്പിച്ചിരുന്നത്. കുറ്റക്കാരനാണെന്ന വിധി പൂർണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ട് ഉപഹരജികളിലെ പ്രധാന ആവശ്യം. ശിക്ഷ അനുഭവിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. ആദ്യദിവസം ഹരജി പരിഗണിച്ചപ്പോൾ തന്നെ ശിക്ഷാ വിധി കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷയുണ്ടാകില്ലെന്നായിരുന്നു കോടതി ഉത്തരവ്.
എന്നാൽ, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ സൂറത്ത് കോടതി തയ്യാറായില്ല. രാഹുൽ ഗാന്ധി ഇനി ഹർജിയുമായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിച്ചേക്കും. രാഹുൽ ഗാന്ധിക്ക് നിർണായകമായിരുന്നു സൂറത്ത് സെഷൻസ് കോടതി വിധി.
വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 13 ന് കോടതി വിശദമായി വാദം കേട്ടിരുന്നു. അഞ്ച് മണിക്കൂർ നീണ്ട വാദത്തിൽ മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നും പരാതിക്കാരനും ബി.ജെ.പി എം.എൽ.എയുമായ പൂർണേശ് മോദിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗം സൂറത്ത് കോടതിയുടെ പരിഗണനയിൽ എങ്ങനെ വരുമെന്നും അനീതി നേരിട്ടു എന്നും രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ പൂർണേശ് മോദി സമയം തേടിയെങ്കിലും അത് തള്ളിയാണ് ജഡ്ജി റോബിൻ മൊഗ്രെ അപേക്ഷ ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്.