'ബസിനകത്ത് ഡ്രൈവറുടെ നിസ്‌കാരം, പുറത്ത് വെയിൽ കൊണ്ട് യാത്രക്കാർ'; വ്യാജ വീഡിയോയുമായി വീണ്ടും സുരേഷ് ചവാങ്കെ
|പൊരിവെയിലത്ത് യാത്രക്കാരെ നിർത്തി ഡ്രൈവർ ബസിൽ നിന്നും നമസ്‌കരിക്കുന്നുവെന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്യുന്നത്
ന്യൂഡൽഹി: വീണ്ടും വ്യാജ വീഡിയോയുമായി സുദർശൻ ന്യൂസ് ചാനൽ എഡിറ്റർ സുരേഷ് ചവാങ്കെ. പൊരിവെയിലത്ത് യാത്രക്കാരെ നിർത്തി ഡ്രൈവർ ബസിൽ നിന്നും നമസ്‌കരിക്കുന്നുവെന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്നാണ് വീഡിയോ എന്ന നിലക്കാണ് അദ്ദേഹം വീഡിയോ പങ്കുവെക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട സൂചനകളാണ് അദ്ദേഹം ഹാഷ്ടാഗായി ഉപയോഗിച്ചിരിക്കുന്നത്(ജാഗോ-ഉണരൂ, സെക്യുലറിസം- മതേതരത്വം). എന്നാൽ പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. ദുബൈയിലേതാണ് വീഡിയോ. ദുബൈ ആർ.ടി.എ( റോഡ് ട്രാൻസ്‌പോർട് അതോറിറ്റി) തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തു.
ആ ട്വീറ്റ് ഇങ്ങനെ; 'ആശംസകൾ, മികച്ച രീതിയിൽ സേവനം നൽകുന്നതിനാണ് ഞങ്ങൾ എല്ലാ സമയവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കിടെയുള്ള ഏത് തരത്തിലുള്ള പെരുമാറ്റവും അന്വേഷണ പരിധിയിൽ വരും. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചപ്പോൾ ബസിന്റെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷമാണെന്ന് മനസിലായി. ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിയമപ്രകാരം അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് ബസിനകത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല. യാത്രക്കാർക്കും ഡ്രൈവർക്കും സുരക്ഷിതമായ അന്തരീക്ഷമൊരുക്കാനാണിത്'
അതേസമയം സുദർശന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് ആർടിഎയുടെ മറുപടി കമന്റായും സ്ക്രീന്‍ഷോട്ടായും രേഖപ്പെടുത്തുന്നത്. സത്യം ഇതാണെന്ന് ബോധ്യമായിട്ടും സുരേഷ് ചവാങ്കെ തിരുത്താവാൻ ഇതുവരെ തയ്യാറായിട്ടില്ല. തന്റെ ടെലിവിഷൻ ചാനലിലും മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലും ഇസ്‌ലാമോഫോബിക് പരാമർശങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തിയ ചരിത്രമാണ് ചവാങ്കെയ്ക്കുള്ളത്. മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന ചവാങ്കയുടെ പരാമര്‍ശവും വിവാദമായിരുന്നു.