India
വീട്ടുജോലിക്കാരിയോടുള്ള ബി.ജെ.പി നേതാവിന്‍റെ ക്രൂരത തുറന്നുകാട്ടിയത് മകന്‍; മകനെ മാനസികരോഗിയാക്കി അമ്മ
India

വീട്ടുജോലിക്കാരിയോടുള്ള ബി.ജെ.പി നേതാവിന്‍റെ ക്രൂരത തുറന്നുകാട്ടിയത് മകന്‍; മകനെ മാനസികരോഗിയാക്കി അമ്മ

Web Desk
|
31 Aug 2022 10:47 AM GMT

സീമ പത്രയുടെ ക്രൂരതകള്‍ കണ്ടുനില്‍ക്കാനാവാതെ മകന്‍ ആയുഷ്മാന്‍ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു

ജാര്‍ഖണ്ഡില്‍ പട്ടികവർഗ വിഭാഗത്തിൽ പെട്ട വീട്ടുജോലിക്കാരിയോടുള്ള ബി.ജെ.പി നേതാവ് സീമ പത്രയുടെ ക്രൂരത പുറംലോകത്തെ അറിയിച്ചത് സ്വന്തം മകനാണ്. ബിജെപി വനിതാ വിഭാഗം ദേശീയ എക്സിക്യൂട്ടീവ് അംഗമായ സീമ പത്രയുടെ ക്രൂരതകള്‍ കണ്ടുനില്‍ക്കാനാവാതെ മകന്‍ ആയുഷ്മാന്‍ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. വിവേക് ആനന്ദ് എന്ന ആ സുഹൃത്താണ് പൊലീസില്‍ വിവരം അറിയിച്ച് വീട്ടുജോലിക്കാരിയായ സുനിതയെ രക്ഷപ്പെടുത്തിയത്.

സുനിതയെ കൊണ്ട് സീമ പത്ര തറയിലെ മൂത്രം നക്കിപ്പിക്കുകയും പാത്രം ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. പല്ലുകള്‍ അടിച്ചുകൊഴിച്ചു. സുനിതയെ മര്‍ദിക്കുന്നതിനെതിരെ സംസാരിച്ച മകന്‍ ആയുഷ്മാനെ സീമ പത്ര മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ട്. റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സൈക്യാട്രിയില്‍ ആയുഷ്മാനെ പ്രവേശിപ്പിക്കുകയും ചെയ്തു. സുഖമില്ലാത്തതുകൊണ്ടാണ് താന്‍ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സീമ പത്ര പറയുന്നത്.

"എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകും. നിങ്ങൾ കാത്തിരിക്കണം. ഞാൻ നിരപരാധിയാണ്. എന്നെ കുടുക്കിയതാണ്. ഇത് രാഷ്ട്രീയമാണ്"- എന്നാണ് സീമ പത്ര മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുജോലിക്കാരിക്ക് എങ്ങനെ പരിക്കേറ്റു എന്ന ചോദ്യത്തിന് താൻ നിരപരാധിയാണ് എന്നാണ് സീമ പത്രയുടെ മറുപടി.

ദേഹത്തും മുഖത്തും മുറിവുകളോടെ എഴുന്നേറ്റ് ഇരിക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പല്ലുകള്‍ പലതും അടിച്ചുകൊഴിച്ച നിലയിലായിരുന്നു. സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. സുനിത കഴിഞ്ഞ 10 വർഷമായി സീമ പത്രയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി സീമ പത്ര തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നു സുനിത പറഞ്ഞു. സുനിതയുടെ വീഡിയോ വൈറലായതിനു പിന്നാലെ സീമ പത്രയെ ബി.ജെ.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് സീമ പത്രയുടെ ഭര്‍ത്താവ്.

താന്‍ ജീവിച്ചിരിക്കുന്നതിന് കാരണം ആയുഷ്മാന്‍ മാത്രമാണെന്ന് സുനിത കണ്ണീരോടെ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്താല്‍ ഇനിയും പഠിക്കണമെന്നാണ് ആഗ്രഹമെന്നും 29കാരിയായ സുനിത പറഞ്ഞു.

Similar Posts