India
Suspension to two more opposition MPs in the Lok Sabha
India

ലോക്സഭയിൽ രണ്ട് പ്രതിപക്ഷ എം.പിമാർക്ക് കൂടി സസ്പെൻഷൻ

Web Desk
|
20 Dec 2023 11:06 AM GMT

ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 144 ആയി.

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യുന്നത് തുടരുന്നു. ലോക്സഭയിൽ എ.എം ആരിഫ്, തോമസ് ചാഴികാടൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 144 ആയി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പാർലമെന്റ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാർ പ്രതിഷേധിച്ചത്. നേരത്തെ മലയാളികളമുള്ള എം.പിമാരെയാണ് ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

ഇതിനിടെ, ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്കേർപ്പെടുത്തിയിരുന്നു. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി.

അതേസമയം, പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പുകയാക്രമണത്തിൽ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. വിഷയത്തിൽ ലോക്‌സഭാ സ്പീക്കർ വിശദീകരണം നൽകിയിട്ടുണ്ട്. കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. എന്നാൽ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം.


Similar Posts