അടിമുടി വിചിത്രമാണ് റെസ്റ്റോറന്റും മെനുവും വിലയുമെല്ലാം; സൊമാറ്റോയിൽ ദുരൂഹ ഇടപാടുകൾ നടക്കുന്നുവെന്ന് ഉപയോക്താക്കൾ
|കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള ദുരൂഹമായ ബിസിനസുകളാണോ ഇതിന് പിന്നിലെന്നാണ് ചിലർ ആരോപിക്കുന്നത്
ചണ്ഡീഗഡ്: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റയിൽ വിചിത്രസംഭവങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉപയോക്താക്കൾ രംഗത്ത്. ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. ചണ്ഡിഗഡിലെ ഉപഭോക്താക്കളാണ് സംശയാസ്പദമായ ഇടപാടുകൾ സൊമാറ്റോയിൽ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സമീപദിവസങ്ങളിൽ ചണ്ഡിഗഡിലെ ചില പ്രദേശങ്ങളിൽ നിന്ന് പുതിയ റെസ്റ്റോറന്റുകൾ ആപ്പിൽ ഇടം പിടിച്ചു. എന്നാൽ ഇവിടെ നിന്നുള്ള ഒരു വിഭവം മാത്രമാണ് ആപ്പിലുള്ളത്. വിചിത്രമായ പേരുകളുള്ള വിഭവങ്ങൾക്ക് വൻവിലയാണ് നിശ്ചയിച്ചിരിക്കുന്നത്. അടിമുടി വിചിത്രമാണ് ഹോട്ടലും മെനുവും വിലയുമെല്ലാം. ഈ റെസ്റ്റോറന്റുകൾക്കോ വിഭവത്തിനോ റിവ്യൂകളോ നെഗറ്റീവ് കമന്റുകളോ ഇല്ലായെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
What’s going on with Zomato in Chandigarh? 🤔Fake ‘restaurants’ offering just ONE dish at absurd prices, with nonexistent addresses. Something really shady is cooking on @zomato @DgpChdPolice Anyone else noticed this? 👀 #Zomato #Chandigarh #ZomatoGate pic.twitter.com/wbBvCrqsPV
— nitish anand (@nitish_an) November 18, 2024
ചണ്ഡീഗഡിലെ സൊമാറ്റോയിൽ ഇത്തരം വൺ ഡിഷ് റെസ്റ്റോറന്റുകൾ കണ്ടതായി ഉപയോക്താവ് റെഡ്ഡിറ്റ് പോസ്റ്റിൽ വ്യക്തമാക്കി. ‘ചണ്ഡീഗഡിലെ സൊമാറ്റോയിൽ വിചിത്രമായ ചില ലിസ്റ്റിംഗുകൾ കണ്ടു - 'റെസ്റ്റോറന്റുകൾ എന്നാണ് അവകാശപ്പെടുന്നതെങ്കിലും ഒരൊറ്റ വിഭവം മാത്രമാണ് അവർ വിൽക്കുന്നുള്ളു. അതിന് കൊള്ളവില ഇട്ടത് കണ്ടപ്പോൾ പലതരത്തിൽ സംശയം തോന്നി. കള്ളപ്പണം വെളുപ്പിക്കലിനോ മറ്റേതെങ്കിലും ദുരൂഹമായ ബിസിനസുകളാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.
വിചിത്രമായ പേരുകളും ഉയർന്ന വിലകളും ദുരൂഹമാണെന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. 'നോട്ടി സ്ട്രോബെറി' (Naughty Strawberry),ബ്ലൂ അഡ്വഞ്ചർ (Blue Adventure) സിട്രസ് പഞ്ച് (Citrus Punch) തുടങ്ങിയ പേരുകളിലാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കപ്പെടുന്നത്. എന്നാൽ എന്ത് വിഭവമാണ് വിൽക്കുന്നതെന്ന് പേരുകളിൽ നിന്ന് വ്യക്തമാകുന്നില്ലെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
വിൽക്കുന്ന വിഭവത്തെക്കുറിച്ച് അറിയാൻ ഓർഡർ നൽകിയെങ്കിലും ഡെലിവറി ലഭിച്ചില്ലെന്നും ഉപയോക്താവ് പറഞ്ഞു. ‘അതിലൊരു വിഭവം ഓർഡർ ചെയ്തു. പക്ഷേ കുറച്ച് സമയത്തിന് ശേഷം അത് കാൻസലായി. പിന്നീട് നോക്കുമ്പോൾ റെസ്റ്റോറന്റ് അടച്ചതായാണ് കാണിക്കുന്നത്’ ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
സംഭവം വൈറലായതിന് പിന്നാലെ പലതരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പലരും ഇത്തരം ഔട്ട്ലെറ്റുകളെ മയക്കുമരുന്ന് വിതരണത്തിനോ കള്ളപ്പണം വെളുപ്പിക്കലിനോ ഉള്ളവേദിയാക്കുന്നുവെന്നാണ് ചിലരുടെ കണ്ടെത്തലുകൾ. മറ്റ് നഗരങ്ങളിലും ഇത്തരത്തിലുള്ള റെസ്റ്റോറന്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.
സംശയാസ്പദമായ ഔട്ട്ലെറ്റുകളെ കുറിച്ച് അന്വേഷിക്കാൻ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിനെയും ചണ്ഡീഗഡ് പൊലീസിനെയും ടാഗ് ചെയ്ത് നിരവധി ഉപയോക്താക്കൾ എക്സിൽ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു.