India
ഗ്യാൻവാപി ശിവലിംഗത്തിൽ പൂജ നടത്താതെ ഒന്നും കഴിക്കില്ല; പ്രഖ്യാപനവുമായി സ്വാമി അവിമുക്‌തേശ്വരാനന്ദ്
India

'ഗ്യാൻവാപി ശിവലിംഗത്തിൽ പൂജ നടത്താതെ ഒന്നും കഴിക്കില്ല'; പ്രഖ്യാപനവുമായി സ്വാമി അവിമുക്‌തേശ്വരാനന്ദ്

Web Desk
|
4 Jun 2022 5:56 AM GMT

വാരണാസി ശ്രീ വിദ്യാ മഠത്തിൽനിന്ന് പുറത്തിറങ്ങാനിരുന്ന സ്വാമിയെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രഖ്യാപനം

ഗ്യാൻവാപി മസ്ജിദിനകത്ത് കണ്ടെത്തിയെന്ന് ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്ന ശിവലിംഗത്തിൽ പൂജ നടത്താതെ ഒന്നും കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വാമി അവിമുക്‌തേശ്വരാനന്ദ്. ഇതിനായി വാരണാസി ശ്രീ വിദ്യാ മഠത്തിൽനിന്ന് പുറത്തിറങ്ങാനിരുന്ന സ്വാമിയെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രഖ്യാപനം നടത്തിയത്. സ്വാമിയും ശിഷ്യരും അവിടെയെത്തി പൂജ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിലുള്ള ഫൗണ്ടയ്ൻ ശിവലിംഗമാണെന്ന് ഹിന്ദുത്വ ശക്തികൾ അവകാശപ്പെട്ടിരുന്നു. കോടതി നിർദേശപ്രകാരം നടന്ന സർവേ റിപ്പോർട്ട് ചോർന്നതിനെ തുടർന്നായിരുന്നു ഇവരുടെ പ്രചാരണം.


അതേസമയം, ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ വാദം തള്ളി തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാർ രംഗത്ത് വന്നിരുന്നു. മഹന്ദ് രാജേന്ദ്ര തിവാരിയും മഹന്ദ് ഗണേഷ് ശങ്കറുമാണ് ഹിന്ദുത്വവാദങ്ങളെ തള്ളി രംഗത്തെത്തിയിരുന്നത്. തങ്ങൾ ചെറുപ്പം മുതലേ പള്ളിയിലെ വുദു ടാങ്ക് കണ്ടിട്ടുണ്ടെന്നും അതിലെ ശിലാഘടനയെ വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.''ഞാൻ കുട്ടിക്കാലം മുതൽ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാൻ പോകുമായിരുന്നു. എതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല''-തിവാരി പറഞ്ഞു.

''ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും എന്റെ പക്കലുണ്ട്. അത് യഥാർഥ ശിവലിംഗം മാറ്റി സ്ഥാപിക്കാൻ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂർവീകർക്ക് നൽകിയിട്ടുണ്ട്. എന്റെ പൂർവീകർ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കുകയും ചെയ്തു. അവിടെ അത് കേടുപാടുകൾ കൂടാതെ ഇന്നും കാണാം''-അദ്ദേഹം പറഞ്ഞു.




''വാസ്തവത്തിൽ കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമാണത്തിനായാണ് യഥാർഥ ശിവലിംഗങ്ങൾ നശിപ്പിക്കപ്പെടുന്നത്. ഇടനാഴിയുടെ വിപുലീകരണം നടക്കുമ്പോൾ അവർ ശിവലിംഗങ്ങൾ തകർത്തു. കരുണേശ്വർ മഹാദേവ്, അമൃതേശ്വർ മഹാദേവ്, അഭിമുക്തേശ്വർ മഹാദേവ്, ചണ്ഡി-ചന്ദേശ്വർ മഹാദേവ് ഇവരാണ് കാശിയുടെ അധിപ ദേവതകൾ. ദുർമുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ പാഞ്ച് വിനായകരുടെ പ്രതിമകളും അവർ തകർത്തു. അവയുടെ മൂലസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷെ ആരും ഇതിനെക്കുറിച്ച് സംസാരിക്കില്ല''-തിവാരി പറഞ്ഞു.

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും ആരാധനക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീഡിയോ സർവേ നടത്താൻ ഉത്തരവിട്ടത്. സർവേക്കായി വുദൂഖാനയിലെ വെള്ളം വറ്റിച്ചപ്പോൾ ശിവലിംഗം കിട്ടിയെന്നാണ് സ്ത്രീകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷന്റെ അവകാശവാദം. തുടർന്ന് ഈ ഭാഗം കെട്ടിമറിച്ച് പ്രവേശനം നിഷേധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് സുപ്രിംകോടതി ഇടപെട്ടാണ് മുസ്ലിംകളുടെ പ്രാർഥന തടയരുതെന്ന് ഉത്തരവിട്ടത്. വുദു ഖാനയിലേക്ക് വെള്ളം വരുന്ന ഫൗണ്ടനാണ് ശിവലിംഗം എന്നവകാശപ്പെട്ട് എടുത്തുകൊണ്ടുപോയതെന്നാണ് മസ്ജിദ് കമ്മിറ്റി പറഞ്ഞിരുന്നത്.



മസ്ജിദിൽ ആരാധന നിർവഹിക്കാൻ അനുമതി തേടിയുള്ള ഹരജിയിൽ വാദം കേൾക്കുന്നത് ഇന്ന് തുടരും. വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയാണ് വരാണസി ജില്ലാ കോടതി പരിഗണിക്കുന്നത്. ഗ്യാൻവാപി പള്ളിയിൽ ആരാധന നിർവഹിക്കാൻ അനുമതി തേടി അഞ്ച് ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. 1991ലെ ആരാധനാലയ നിയമപ്രകാരം ഹരജി നിലനിൽക്കില്ല. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നതിന് നിയമത്തിൽ വിലക്കുണ്ട്. 1947 ഓഗസ്റ്റ് 15നുമുൻപുള്ള ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ ലംഘനമാണ് ഹിന്ദു വിഭാഗത്തിന്റെ ഹരജിയെന്നും കോടതിയിൽ പള്ളി കമ്മിറ്റി വാദിച്ചു.

Swami Avimukteshwaranand stopped from going to Gyanvapi

Similar Posts