India
ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു; നമസ്കാരക്കാര്‍ക്കു നേരെയുണ്ടായ സംഘപരിവാര്‍ പ്രതിഷേധത്തില്‍ സ്വര ഭാസ്കര്‍
India

'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു'; നമസ്കാരക്കാര്‍ക്കു നേരെയുണ്ടായ സംഘപരിവാര്‍ പ്രതിഷേധത്തില്‍ സ്വര ഭാസ്കര്‍

Web Desk
|
23 Oct 2021 11:00 AM GMT

ബജ്​റംഗ്​ദള്‍, വി.എച്ച്.പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘവരിവാര്‍ സംഘമാണ് നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായെത്തിയത്

ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ച സംഭവത്തില്‍ അപലപിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ്​ വീഡിയോ പങ്കുവെച്ചുകൊണ്ട്​ സ്വര ട്വിറ്ററിൽ കുറിച്ചത്​.

ബജ്​റംഗ്​ദള്‍, വി.എച്ച്.പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘവരിവാര്‍ സംഘമാണ് വെള്ളിയാഴ്ച മൈതാനത്ത്​ നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായെത്തിയത് . ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്ത്​ വൻ പൊലീസ്​ സംഘത്തെ വിന്യസിച്ചിരുന്നു. ഈ വീഡിയോയും സ്വര ഭാസ്​കർ റീട്വീറ്റ് ചെയ്​തു.


അതേസമയം, സ്വരയുടെ പ്രതികരണം വൈറലായതോടെ നടിക്കെതിരെ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവന്നു. നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്‌ക്കെതിരെ ട്വീറ്റുകളും വന്നുതുടങ്ങി. 'അങ്ങിനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് മതം മാറാത്തത്' തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നേരത്തെ, ഷാരൂഖ് ഖാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിനും സ്വരയ്‌ക്കെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സ്വര പ്രതികരിച്ചത്. 'ഷാരൂഖ് ഖാന്‍ ദയയുടേയും മാന്യമായ പെരുമാറ്റത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ഇന്ത്യയിലെ മികച്ച ഗുണങ്ങളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹം എനിക്ക് പ്രചോദനമാണ്' എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

Similar Posts