സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ വാഹനത്തില്‍ കാറിടിച്ചു, റോഡിലൂടെ 500 മീറ്ററോളം വലിച്ചിഴച്ചു; ദാരുണാന്ത്യം
|കൗശല്‍ എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം
നോയിഡ: ഡല്‍ഹിയിലെ കാറപകടത്തിന് സമാനമായ സംഭവം നോയിഡയിലും. സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ ഇരുചക്ര വാഹനത്തില്‍ കാറിടിച്ച ശേഷം റോഡിലൂടെ 500 മീറ്ററോളം വലിച്ചിഴച്ചു. യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയും ചെയ്തു. കൗശല്‍ എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
കൗശല്‍ പുതുവത്സര രാത്രിയില്‍ ഡെലിവറി നടത്തുന്നതിനിടെ നോയിഡ സെക്ടർ 14 ലെ മേൽപ്പാലത്തിന് സമീപം കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അപകടസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെയുള്ള ഒരു ക്ഷേത്രത്തിന് സമീപം ഡ്രൈവർ കാർ നിർത്തി കൗശലിന്റെ മൃതദേഹം പുറത്തെടുത്തതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കൗശലിന്റെ സഹോദരൻ അമിത് അദ്ദേഹത്തെ വിളിച്ചപ്പോൾ വഴിയാത്രക്കാരൻ കോൾ സ്വീകരിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു.
അമിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു."പ്രതികളെ കണ്ടെത്താൻ ഞങ്ങൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പരിശോധിക്കുകയാണ്," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഡൽഹിയിൽ 20 കാരിയായ യുവതിയെ കാറിടിച്ച് 13 കിലോമീറ്ററോളം വലിച്ചിഴച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ അപകടം നടന്നത്.