പ്ലസ് വൺ വിദ്യാർഥി ഓടിച്ച എസ്.യു.വി ഇടിച്ച് സ്വിഗ്ഗി ജീവനക്കാരൻ മരിച്ചു
|അപകടത്തിന് ശേഷം ഓടിപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: 17 കാരൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ സ്വഗ്ഗി ജീവനക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. ഡൽഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. 1:20 ഓടെയാണ്ഗോ ലെ മാർക്കറ്റിലെ രാഹുൽ കുമാറാണ് കൊല്ലപ്പെട്ടത്. ബന്ധുവിനൊപ്പം സുഹൃത്തുക്കളെ കാണാനായി പോകുമ്പോഴാണ് അപകടം നടന്നത്.
പ്ലസ് വൺ വിദ്യാർഥി ഓടിച്ചിരുന്ന എസ്.യു.വിയാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്. സംഭവത്തിൽ പ്രതിയായ കുട്ടിയെ അറസ്റ്റ് ചെയ്തു. അപകടം നടന്ന ഉടൻ കുട്ടിയും കാറിലുണ്ടായിരുന്ന സുഹൃത്തും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഡൽഹി പൊലീസ് പറയുന്നു.
പുലർച്ചെ 1:20 ഓടെയാണ് അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തി പരിക്കേറ്റ രണ്ടുപേരെയും ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെയാണ് പരിക്കേറ്റ രാഹുൽ കുമാർ മരിച്ചത്.
ഐപിസി 279, 337 വകുപ്പുകൾ പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തത്. തുടർന്ന് അന്വേഷണത്തിനിടെ ഗതാഗത വകുപ്പിൽ നിന്ന് കാറിന്റെ വിശദാംശങ്ങൾ ശേഖരിച്ച പൊലീസ് ഉടമയുടെ വീട്ടിലെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐപിസി സെക്ഷൻ 304 എ വകുപ്പും കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് അത്താഴം കഴിച്ച് മടങ്ങുകയായിരുന്നു പ്രതിയും സുഹൃത്തുമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട രാഹുലിന്റെ ബന്ധു പവൻ കുമാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇയാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ പിതാവ് റിയൽ എസ്റ്റേറ്റ് വ്യവസായായിയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇയാൾ അറസ്റ്റിലായതായും പൊലീസ് പറയുന്നു.