നായ പിന്നാലെ ഓടി; ഫ്‌ളാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരന്‍ കൊല്ലപ്പെട്ടു
|വാതിലിൽ മുട്ടിയപ്പോൾ ഉപഭോക്താവിന്റെ വളർത്തുനായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടുകയായിരുന്നു
ഹൈദരാബാദ്: നായ പിന്നാലെ ഓടിയതിനെ തുടർന്ന് ഫ്‌ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരൻ കൊല്ലപ്പെട്ടു. ഹൈദരാബാദിലെ 23 കാരനായ മുഹമ്മദ് റിസ്‍വാനാണ് മരിച്ചത്. ശനിയാഴ്ച നടന്ന അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഓർഡർ ഭക്ഷണം ഡെലവിറി ചെയ്യാനായി ബഞ്ചാര ഹിൽസിലെലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിലേക്ക് പോയതായിരുന്നു മുഹമ്മദ് റിസ്‍വാനെന്ന് പൊലീസ് പറഞ്ഞു. ഫ്ളാറ്റിന്റെ വാതിലിൽ മുട്ടിയപ്പോൾ ഉപഭോക്താവിന്റെ വളർത്തുനായ ജർമ്മൻ ഷെപ്പേർഡ് കുരച്ചുകൊണ്ട് യുവാവിന്റെ ദേഹത്തേക്ക് ചാടി.
ഭയന്നുപോയ റിസ്‍വാൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നായ അവനെ പിന്തുടർന്നു. ഇതിനിടിയിൽ റിസ്‍വാൻ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു.,' ബഞ്ചാര ഹിൽസ് പൊലീസ് ഇൻസ്‌പെക്ടർ എം നരേന്ദർ പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ ഇയാളെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) പ്രവേശിപ്പിച്ചു. പിന്നീട് ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മരിക്കുകയായിരുന്നു.സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.