വിശ്വഭാരതി സർവകലാശാലയുടെ ഫലകത്തിൽ നിന്ന് ടാഗോറിനെ വെട്ടി; പ്രധാനമന്ത്രിയുടെയും വി.സിയുടെയും പേര് മാത്രം
|നെഹ്റുവിന് പിന്നാലെ ടാഗോറിനെയും മായ്ച്ചു കളയാനുള്ള ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു
ഡൽഹി: യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടൽ. ടാഗോറിന്റെ പേര് ഒഴിവാക്കി പ്രധാനമന്ത്രിയുടെയും വിസിയുടെയും പേര് മാത്രം ഫലകത്തിൽ രേഖപ്പെടുത്തിയതാണ് വിവാദത്തിന് കാരണം.
ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയിലെ ശിലാ ഫലകത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും സർവകലാശാല വൈസ് ചാൻസലറുടെയും പേരുകൾ മാത്രമാണ് കേന്ദ്ര സർക്കാർ നൽകിയത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്ര നാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുന്നു എന്ന് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും ആരോപിച്ചു
അന്താരാഷ്ട്ര സർവകലാശാല എന്ന ആശയത്തിലൂന്നി 1921ൽ രവീന്ദ്ര നാഥ ടാഗോർ ആണ് വിശ്വഭാരതി സർവകലാശാല ശാന്തി നികേതനിൽ സ്ഥാപിച്ചത്. ലോകത്തിലെ 41 മത് പൈതൃക സ്ഥലമായി ഈ വർഷമാണ് ശാന്തി നികേതനെ യുനെസ്കോ പ്രഖ്യാപിച്ചത്. ശാന്തിനികേതനെയും കൊളോണിയൽ യൂറോപ്യൻ പൈതൃകത്തിൽ നിന്നും വ്യത്യസ്തമായി ശാന്തിനികേതൻ എന്ന ആശയത്തെ പ്രാവർത്തികമാക്കിയ ടാഗോറിനെയും പ്രശംസിക്കുന്നു എന്നാണ് യുനെസ്കോ തന്നെ അറിയിച്ചിട്ടുള്ളത്. എന്നിട്ടും വിശ്വഭാരതി സർവകലാശാല ക്യാംപസിൽ സ്ഥാപിച്ച മൂന്ന് മാർബിൾ ശിലാഫലകങ്ങളിലും സർവകലാശാല സ്ഥാപകനായ ടാഗോറിൻ്റെ പേര് ചേർക്കാൻ അധികൃതർ തയ്യാറായില്ല.
ചാൻസിലർ നരേന്ദ്ര മോദി, വൈസ് ചാൻസിലർ ബിദ്യുത് ചക്രബർത്തി എന്നിവരുടെ പേരുകൾ മാത്രമാണ് ശിലാ ഫലകത്തിൽ ഉള്ളത്. ശിലാ ഫലകങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. പേരുമാറ്റം തുടർക്കഥയാക്കിയ പ്രധാന മന്ത്രി നാസിസം എന്നതിനെ മോദിസം എന്ന് പുനർനാമകരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ ട്വീറ്റ് ചെയ്തു. നെഹ്റുവിന് പിന്നാലെ രവീന്ദ്ര നാഥ ടാഗോറിനെയും ചരിത്രത്തിൽ നിന്ന് മായ്ക്കാൻ ഉള്ള ശ്രമം നടക്കുന്നെന്ന് ജയറാം രമേശ് ആരോപിച്ചു. എന്നാൽ നിയമ പ്രകാരം സർവകലാശാല ചാൻസിലർ ആയ പ്രധാന മന്ത്രിയുടെ പേര് നൽകുക മാത്രമാണ് ചെയ്തത് എന്ന് ബിജെപി തിരിച്ചടിച്ചു. ടാഗോറും ശാന്തിനികേതനും തമ്മിലുള്ള ബന്ധം എടുത്ത് പറയേണ്ട ഒന്നല്ല, നെഹ്റുവിനെയും ടാഗോറിനെയും തമ്മിൽ താരതമ്യം ചെയ്യുന്നത് വഴി പ്രതിപക്ഷ പാർട്ടികൾ ആണ് രവീന്ദ്ര നാഥ ടാഗോറിനെ അപമാനിക്കുന്നത് എന്നും ബിജെപി ആരോപിച്ചു.